Sorry, you need to enable JavaScript to visit this website.

കണ്ണൂർ കോർപറേഷനിൽ അഡ്വ. മോഹനൻ ചുമതലയേറ്റു

അഡ്വ. ടി.ഒ.മോഹനൻ കണ്ണൂർ ചെയർമാൻ.

കണ്ണൂർ - കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ.മോഹനൻ ചുമതലയേറ്റു. സംസ്ഥാനത്ത് യു.ഡി. എഫിന് ഭരണം ലഭിച്ച ഏക കോർപറേഷനാണ് കണ്ണൂർ. മുസ്‌ലിം ലീഗിലെ കെ.ഷബീന ടീച്ചറാണ് ഡെപ്യൂട്ടി മേയർ.
വരണാധികാരികൂടിയായ ജില്ല കലക്ടർ ടി.വി.സുഭാഷിന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതും, മോഹനൻ ചുമതലയേറ്റതും. ടി.ഒ. മോഹനനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പള്ളിക്കുന്ന് ഡിവിഷൻ കൗൺസിലറുമായ എൻ.സുകന്യയാണ് മത്സരിച്ചത്. ആകെയുള്ള 55 വോട്ടുകളിൽ മോഹനന് 33 വോട്ടുകളും, സുകന്യക്ക് 19 വോട്ടുകളും ലഭിച്ചു. ഒരു ബി.ജെ.പി അംഗവും കോൺഗ്രസ് വിമതനും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ലീഗിലെ ഒരംഗത്തിന് വോട്ടു രേഖപ്പെടുത്താനായില്ല. ഒരു വോട്ട് അസാധുവായി. 


മേയറായി തെരഞ്ഞെടുക്കപ്പെട്ട മോഹനനെ പുഷ്പ കിരീടം അണിയിച്ചാണ് യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും സ്വീകരിച്ചത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ എം.പി, ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി, ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി, യു.ഡി.എഫ് നേതാക്കളായ അഡ്വ.അബ്ദുൽ കരീംചേലേരി, സി.എ.അജീർ, ടി.എ. തങ്ങൾ, സി.സമീർ, പി.കുഞ്ഞുമുഹമ്മദ്, എം. പി മുരളി, വി.എ.നാരായണൻ, കെ.സി.മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
കെ. എസ്. യു പ്രവർത്തകനായാണ് ടി.ഒ.മോഹനൻ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. മട്ടന്നൂർ കോളജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി. കണ്ണൂർ എസ്.എൻ കോളജിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും,കെ. എസ്.യു കണ്ണൂർ താലൂക്ക് സെക്രട്ടറിയായും,ജില്ലാ നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു. 


കാലിക്കറ്റ് ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി. 1988 ൽ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു ജില്ലാ പ്രസിഡന്റായി.1993 ൽ സംസ്ഥാന സെക്രട്ടറിയായി. 2001 മുതൽ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം തുടർച്ചയായി 12 വർഷം വഹിച്ചു. 2013 മുതൽ കെ.പി.സി.സി അംഗമാണ്
1991ൽ ജില്ലാ കൗൺസിലർ സ്ഥാനത്തേക്കും 2001 ൽ ജില്ലാ പഞ്ചായത്തിലേക്കും  മത്സരിച്ചു.2010 ൽ മുൻസിപ്പൽ കൗൺസിലറും മൂന്ന് വർഷം ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും, 2013 മുതൽ 2015 വരെ മുൻസിപ്പൽ വൈസ് ചെയർമാനായും ചുമതല വഹിച്ചു. 2015 മുതൽ 2020 വരെ കോർപ്പറേഷൻ കൗൺസിലർ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരുന്നു.


ജവഹർലാൽ നെഹ്‌റു പബ്ലിക്ക് ലൈബ്രറി റിസേർച്ച് സെന്റർ വർക്കിങ്ങ് ചെയർമാൻ, തോട്ടട അഭയനികേതൻ വൈസ്.പ്രസിഡണ്ട്, എസ് പി.സി.എ വൈസ്.ചെയർമാൻ, കിസ്സാൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു.
 പരേതനായ സി. ഗോപാലൻ മാസ്റ്ററുടെയും ടി.ഒ സരോജിനിയുടെയും മകനാണ്. ഭാര്യ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പി.വി പ്രീത. മക്കൾ  അമൽമോഹൻ, കോഴിക്കോട് എൻ.ഐ.ടിയിലും അനഘ മോഹനൻ ദൽഹി യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നു.

 


 

Latest News