Sorry, you need to enable JavaScript to visit this website.

വെളിച്ചെണ്ണ വിപണിയിലെ കൃത്രിമ വിലക്കയറ്റം ആശങ്ക സൃഷ്ടിച്ചു


വെളിച്ചെണ്ണ വിലയിൽ പെടുന്നനെയുണ്ടായ കൃത്രിമ വിലക്കയറ്റം കാർഷിക മേഖലയിൽ ആശങ്കപരത്തി. ഉൽപാദകർ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് തിരിഞ്ഞത് റബർ നീക്കം കുറച്ചു. ആഗോള കുരുമുളക് വിപണി ഹോളിഡേ മൂഡിൽ. ഏലക്ക സ്വന്തമാക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. സ്വർണ വില ചാഞ്ചാടി.


നാളികേരോൽപന്നങ്ങളുടെ വിലയിൽ അപ്രതീക്ഷിതമായി സൃഷ്ടിച്ച വ്യതിയാനം വിപണിയുടെ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാക്കി. കൊച്ചിയിൽ തിങ്കളാഴ്ച വെളിച്ചെണ്ണ വില ക്വിന്റലിന് 1000 രൂപ ഒറ്റയടിക്ക് വർധിച്ച് 19,700 ൽ എത്തിച്ചത് വിവാദമായി. ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദഫലമാണ് നിരക്ക് ഉയർത്തിയതെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. വിലക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതിരുന്നത്മൂലം തുടർന്നുള്ള ദിവസങ്ങളിൽ നിരക്ക് ഇടിഞ്ഞു. ക്രിസ്തുമസ് വിൽപനയ്ക്കിടയിലും ചൊവാഴ്ച മുതൽ നിരക്ക് ഇടിഞ്ഞത് വിരൽ ചൂണ്ടുന്നത് കൃത്രിമ വിലക്കയറ്റത്തിലേക്കാണ്. വാരാന്ത്യം വെളിച്ചെണ്ണ 19,150 ലേയ്ക്ക് ഇടിഞ്ഞു. കൊപ്ര 12,530 ൽ നിന്ന് 12,950 വരെ സഞ്ചരിച്ച ശേഷം 12,600 രൂപയായി. കൊച്ചിയിൽ വൻ ചാഞ്ചാട്ടങ്ങൾ ദൃശ്യമായെങ്കിലും കേരളത്തിലെ മറ്റ് വിപണികളിൽ വിലയിൽ ഒരു രൂപയുടെ വ്യതിയാനം പോലുമുണ്ടായില്ല. 


റബർ ഉൽപാദകർ ക്രിസ്തുമസ് ആഘോഷങ്ങളിലേയ്ക്ക് തിരിഞ്ഞത് ഇടപാടുകളുടെ വ്യാപ്തി കുറച്ചിട്ടും ടയർ ലോബി ഷീറ്റ് വില ഇടിച്ചു. നാലാം ഗ്രേഡ് 15,700 ൽ നിന്ന് 15,500 ലേയ്ക്ക് ഇടിഞ്ഞപ്പോൾ അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 13,400-14,500 രൂപയായി. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ ക്വിൻറ്റലിന് 16,327 രൂപയിലാണ്. ഉത്സവ ഡിമാൻറ്റിൽ ഏലക്ക കിലോ 2000 രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്തി. ലേല കേന്ദ്രങ്ങളിൽ അരലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് എത്തിയിട്ടും ഉൽപന്നം മികവ് നിലനിർത്തിയത് കർഷകർക്ക് ആശ്വാസമായി. ജനുവരിക്ക് ശേഷം വരവ് ചുരുങ്ങുമെന്നതാണ് ഏലത്തിൽ പിടിമുറുക്കാൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. പോയവാരം മികച്ചയിനങ്ങൾ കിലോ 2399 രൂപ വരെ കയറിയ, ശരാശരി ഇനങ്ങൾ 1849 രൂപയിലാണ് ശനിയാഴ്ച. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിച്ചു. 


ഉത്തരേന്ത്യയിൽ വിദേശ കുരുമുളക് വിൽപന പുരോഗമിക്കുന്നതിനാൽ നാടൻ ചരക്കിന് ആവശ്യകാർ കുറഞ്ഞു. അതേ സമയം തുടർച്ചയായ നാലാം വാരത്തിലും മുളക് വില സ്റ്റെഡിയാണ്. അന്തർസംസ്ഥാന ഇടപാടുകാർ ഉൽപാദന മേഖലകളിൽ നിന്ന് ചരക്ക് ശേഖരിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,400 ലും ഗാർബിൾഡ് 35,400 രൂപയിലും ക്ലോസിംഗ് നടന്നു. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5000 ഡോളറാണ്. ബ്രസീൽ ടണ്ണിന് 2600 ഡോളറിനും ഇന്തോനേഷ്യ 3000 ഡോളറിനും വിയെറ്റ്‌നാം 2700 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. കേരളത്തിൽ സ്വർണ വില നേരിയ റേഞ്ചിൽ കയറി ഇറങ്ങി. ആഭരണ വിപണികളിൽ പവൻ 37,440 രൂപയിൽ നിന്ന് 37,680 വരെ കയറിയ ശേഷം ശനിയാഴ്ച 37,360 ലാണ്, ഗ്രാമിന് വില 4670 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1878 ഡോളർ. 

 

Latest News