സാമ്പത്തിക അച്ചടക്കത്തിലൂടെ  ജീവിതം ആസൂത്രണം ചെയ്യാം

ജീവിതത്തിൽ സാമ്പത്തിക വിജയത്തിന് ഒരു മാർഗമേയുള്ളൂ, അച്ചടക്കം. ചെലവിലും നിക്ഷേപത്തിലും അച്ചടക്കമില്ലാത്തവർക്കാണ് സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവിക്കേണ്ടി വരിക. ജീവിതത്തെ വിവിധ ഘട്ടങ്ങളായി തിരിച്ച് വേണം സാമ്പത്തിക ആസൂത്രണത്തെ കാണാൻ. കുട്ടിക്കാലം മുതലേ മാതാപിതാക്കളിൽനിന്നും കിട്ടുന്ന പോക്കറ്റ് മണിയിൽ ഒരു ഭാഗം മാറ്റി വെയ്ക്കാനുള്ള ശീലം ഉണ്ടാക്കിയെടുക്കണം. എപ്പോഴും കിട്ടാൻ ബുദ്ധിമുട്ടുള്ള, സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നായി പണത്തെ ചിത്രീകരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ അതിന്റെ അച്ചടക്കം ഒരാളുടെ ജീവിതകാലം മുഴുവൻ ഉണ്ടാകും. 


പഠനമെല്ലാം കഴിഞ്ഞോ പഠനത്തിരക്കിനിടയിലൂടെയോ ജോലിയിൽ പ്രവേശിക്കുന്നത് ഒരു മാറ്റത്തിന്റെ കാലമാണ്. സാധാരണ അഞ്ച് മുതൽ എട്ടു വർഷം വരെ നീണ്ടു നിൽക്കുന്ന ഈ കാലയളവിൽ വരുമാനം കുറവായരിക്കുമെങ്കിലും ചെലവുകൾ അധികമില്ലാത്തതിനാൽ മികച്ച രീതിയിൽ നല്ലൊരു തുക സമാഹരിക്കാൻ സാധിക്കും. കഴിയുമെങ്കിൽ വരുമാനത്തിന്റെ 50 ശതമാനം വരെ മാറ്റിവെക്കാൻ സാധിച്ചാൽ വളരെ നല്ലത്. എന്നാൽ ഈ തുക നിക്ഷേപിക്കുന്നത് തികഞ്ഞ കരുതലോടെയായിരിക്കണം.
നാം മാറ്റിവെയ്ക്കുന്ന തുകയുടെ പകുതി ഹ്രസ്വകാലത്തേക്കും ബാക്കി തുക ദീർഘകാലത്തേക്കും നിക്ഷേപിക്കാം. അഞ്ച് വർഷം വരെ ഹ്രസ്വകാലവും 10 വർഷം വരെ ദീർഘകാല നിക്ഷേപവും ആവാം. ഈ സമയത്ത് ചെയ്യുന്ന നിക്ഷേപത്തിന്റെ പ്രധാന ഉദ്ദേശ്യം വിവാഹശേഷം കുട്ടികളുടെ പഠനവും മറ്റു ചിലവുകളും നോക്കാനാണ്. കൂടൂതൽ തുക ദീർഘകാല നിക്ഷേപം നടത്തിയാൽ ചെലവിന് കാശ് തികയാതെ വരും. ഈ സമയത്ത് ചേരുന്ന ഇൻഷുറൻസ് പദ്ധതികളിൽ കൂടുതൽ തുക നിക്ഷേപിച്ചാൽ ഇടക്കാലത്തുള്ള ആവശ്യങ്ങൾക്ക് പണം തികയാതെ വരികയും തുടർനിക്ഷേപം ഒരു ഭാരമാവുകയും ചെയ്യും. വലിയ തുക ഇൻഷുറൻസ് കവർ എടുക്കുന്നത് നല്ലതാണ്. നേരത്തെ ടേം ഇൻഷുറൻസ് എടുത്താൽ പ്രീമിയം വളരെ കുറവായിരിക്കും.


ഈ സമയത്ത് നിക്ഷേപിക്കാൻ തെരഞ്ഞെടുക്കാവുന്ന പദ്ധതികളും കാലയളവും ഇനി പരിശോധിക്കാം. ജോലിയിൽ പ്രവേശിച്ച് വിവാഹം വരെയുള്ള കാലയളവിൽ ചെയ്യേണ്ട നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ടത് ആർ.ഡി, എസ്.ഐ.പി, പഞ്ചവത്സര എഫ്.ഡി എന്നിവയാണ്. ദീർഘകാല നിക്ഷേപം (15 വർഷം വരെ) ചെയ്യാനായി തീർച്ചയായും തെരഞ്ഞെടുക്കേണ്ട ഒന്ന് പി.പി.എഫ് നിക്ഷേപമാണ്. കൂടാതെ ഗവൺമെന്റ് സ്ഥാപനങ്ങളായ നബാർഡ്, ആർ.ഇ.സി, എൻ.എച്ച്.എ.ഐ എന്നിവയുടെ ബോണ്ടുകളും എട്ട് വർഷം വരെ കാലാവധിയുള്ള ഗോൾഡ് സോവറിൻ ബോണ്ടുകളും നിക്ഷേപത്തിന് ഉപയോഗിക്കാം. ഇൻഷുറൻസിൽ ടേം ഇൻഷുറൻസ് മാത്രമാണ് തെരഞ്ഞെടുക്കേണ്ടത്. നിക്ഷേപത്തിന്റെ മാതൃകയിൽ ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നത് ഒരിക്കലും ലാഭകരമല്ല. മേൽപറഞ്ഞ നിക്ഷേപങ്ങളിൽ ആർ.ഡി, എഫ്.ഡി എന്നിവ അഞ്ചു വർഷത്തേക്കും, എസ്.ഐ.പി, ഗോൾഡ് സോവറിൻ ബോണ്ട്, മറ്റ് ഗവൺമെന്റ് ബോണ്ടുകൾ എട്ട് മുതൽ 10 വർഷത്തേക്കും, പി.പി.എഫ് 15 വർഷത്തേക്കും നിക്ഷേപിച്ചാൽ പല സമയങ്ങളിൽ ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കും. നമ്മുടെ നാട്ടിലെ തനത് നിക്ഷേപമായ ചിട്ടിയും നല്ലത് തന്നെ. സ്ഥാപനം വിശ്വസ്തമാകണമെന്ന് മാത്രം.

ഉത്തരവാദിത്തമേറിയ വിവാഹാനന്തരകാലം
വിവാഹശേഷം ഉള്ള അടുത്ത പത്തുവർഷക്കാലമാണ് അടുത്ത ഘട്ടം. വിവാഹത്തിന് മുമ്പ് തുടങ്ങിയിട്ടുള്ള നിക്ഷേപങ്ങൾ ഉപയോഗിക്കേണ്ടത് ഉല്ലാസ യാത്രകൾ, പ്രസവ സംബന്ധമായ ആശുപത്രിച്ചെലവുകൾ, കുട്ടികളുടെ പരിപാലനം, അവരുടെ പ്രാഥമിക വർഷങ്ങളിലെ പണച്ചെലവുകൾ എന്നിവയ്ക്ക് വേണ്ടിയാണ്. കൂടാതെ മുമ്പ് തുടങ്ങിവെച്ചിട്ടുള്ള നിക്ഷേപങ്ങൾ തുടരുകയും വേണം. ഈ സമയത്ത് തുടങ്ങിവെയ്ക്കാവുന്ന നിക്ഷേപങ്ങളും ശീലങ്ങളും അതു പോലെ തന്നെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഇനി പരിശോധിക്കാം.


ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ അതു മനസ്സിലാക്കി ആദ്യം ചെയ്യേണ്ടത് തനിക്ക് വേണ്ട തോതിൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ഒരാൾക്ക് എത്ര ഇൻഷുറൻസ് കവർ വേണമെന്ന് ചോദിച്ചാൽ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഒരു ഫോർമുലയുണ്ട്. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കുക. ഇതിന്റെ കൂടെ അടുത്ത പത്തുവർഷത്തേക്ക് വീട്ടിലെ ചെലവുകൾ കഴിക്കാൻ എത്ര തുക വേണം എന്നും തിട്ടപ്പെടുത്തുക. ഇവ രണ്ടിന്റെയും ആകെത്തുകയാണ് നിങ്ങൾക്ക് വേണ്ട ഇൻഷുറൻസ് പരിരക്ഷ. കൂടാതെ നിങ്ങൾ ലോൺ എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അതു കൂടി ചേർക്കണം. ഇതു കൂടാതെ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തിയ ശേഷമേ നിക്ഷേപങ്ങളെപ്പറ്റി ചിന്തിക്കാൻ പാടുള്ളൂ. കൂടാതെ ഭവന വായ്പ പോലെയുള്ള ബാധ്യതകൾ ഈ സമയത്ത് തലയിലേറ്റരുത്.


ഒരു ദീർഘകാല നിക്ഷേപമെന്നുള്ള നിലയ്ക്ക് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ തുടങ്ങാൻ നല്ല സമയമാണ് 30 കഴിഞ്ഞുള്ള പ്രായം. ഒരു അത്യാവശ്യ ഘട്ടം വരികയോ അല്ലെങ്കിൽ ഉദ്ദേശിച്ച തുകയിൽ എത്തിച്ചേരുകയോ ചെയ്യാതെ ഇടയ്ക്ക് വെച്ച് നിക്ഷേപം നിർത്തുകയും അരുത്. മ്യൂച്വൽ ഫണ്ടുകളായിരിക്കും ഇതിന് അഭികാമ്യം. ഒരു തുക ഒന്നിച്ചടക്കാതെ പല തവണകളായി നിക്ഷേപിക്കുന്നതാണ് എപ്പോഴും നല്ലത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സ്‌കീമുകൾ, സോവറിൻ ഗോൾഡ് ബോണ്ട്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ (റീറ്റ്), എന്നിങ്ങനെ 15 വർഷം വരെ ദൈർഘ്യമുള്ള നിക്ഷേപങ്ങൾ തുടങ്ങി വെയ്ക്കേണ്ട സമയമാണിത്. ഇനി അഥവാ 30 ൽ തുടങ്ങാൻ സാധിച്ചില്ലെങ്കിൽ 40- ാം  വയസ്സിൽ തുടങ്ങിയാലും 55 വയസ്സാകുമ്പോഴേക്കും ഒരു തുക സമാഹരിക്കാൻ സാധിക്കും. ഹ്രസ്വകാല നിക്ഷേപത്തിനായി ഹ്രസ്വകാല ഡെറ്റ് ഫണ്ടുകൾ, ബാങ്ക് എഫ്.ഡി, ചിട്ടി, ബാങ്ക് ആർ.ഡി എന്നിങ്ങനെയുള്ളവ തെരഞ്ഞെടുക്കാം.
സ്വർണം ആഭരണത്തിന്റെ രൂപത്തിലല്ലാതെ സോവറിൻ ഗോൾഡ് ബോണ്ടായി നിക്ഷേപിച്ചാൽ സ്വർണത്തിന്റെ വിലയ്ക്ക് പുറമെ 2.5 ശതമാനം നിക്ഷേപിച്ച തുകയിൻമേൽ പലിശയും കിട്ടുമെന്നുള്ള ഗുണമുണ്ട്. 8 വർഷമാണ് നിക്ഷേപ കാലയളവെങ്കിലും 5 വർഷം കഴിഞ്ഞാൽ ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യമുണ്ട്.
ഇതിനെക്കാളുമൊക്കെ പ്രധാനമായ ഒരു കാര്യം വിരമിക്കുന്ന സമയത്ത് സമാഹരിക്കേണ്ട തുകയാണ്. ഒരാൾ ഔദ്യോഗിക ജീവിതത്തിന്റെ അത്രയും തന്നെ കാലം വിശ്രമ ജീവിതം നയിക്കേണ്ടതായി വരുമെന്നുള്ളതു കൊണ്ട് 25 മുതൽ 55 വയസ്സു വരെയുള്ള ജീവിതകാലത്ത് വിരമിച്ചതിന് ശേഷമുള്ള ജീവിതം പൂർവാധികം നന്നായി ജീവിക്കാനുള്ള പണം സമാഹരിക്കാനുള്ള സമയമായി കണക്കാക്കണം. 


നിങ്ങൾക്ക് കുറഞ്ഞത് 40 വയസ്സ് എങ്കിലും ആയതിന് ശേഷമേ സ്വന്തമായി ഒരു വീടിനെക്കുറിച്ച് ചിന്തിക്കുവാൻ പാടുള്ളൂ. അപ്പോഴേക്കും നമ്മുടെ വരുമാനം നല്ലൊരു നിലയിൽ എത്തിയിട്ടുണ്ടാകും. മാത്രമല്ല കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലേക്കുള്ളതും മറ്റ് കൂടി വന്ന കുടുംബച്ചെലവുകളും ഏറെക്കുറെ നിയന്ത്രണ വിധേയമാകുന്ന ഒരു സമയമാണിത്. മാത്രമല്ല ഉദ്യോഗത്തിൽ കയറിയിട്ട് ഏകദേശം 15 വർഷം കഴിയുന്നതിനാൽ ഇക്കാലം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള നീക്കിയിരുപ്പുകൾ നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും. 40-45 വയസ്സിൽ തുടങ്ങുന്ന ഒരു വായ്പ 15 വർഷത്തെ തിരിച്ചടവിന്റെ സഹായത്തോടെ 60- ാം  വയസ്സാകുമ്പോഴേക്കും തീർക്കണം.

വാർധക്യകാലത്ത് അല്ലലില്ലാതെ ജീവിക്കാൻ


40- ാം  വയസ്സിൽ പ്രതിമാസം 25,000 രൂപ ജീവിതച്ചെലവു വരുന്ന ഒരാൾക്ക് 60 വയസ്സാകുമ്പോഴേക്കും ഇതേ രീതിയിൽ ജീവിക്കാൻ 55000 രൂപ വേണ്ടി വരും. ഈ തരത്തിൽ 80 വയസ്സു വരെ ജീവിക്കാൻ കയ്യിൽ വേണ്ടത് 1.2 കോടി രൂപയാണെന്ന് പറഞ്ഞാൽ ഞെട്ടേണ്ട കാര്യമില്ല. ഇവിടെ 4.5 ശതമാനം പണപ്പെരുപ്പമാണ് കണക്കാക്കിയത്. 
ഒരു പണപ്പെരുപ്പവും കൂടാതെ തന്നെ 25,000 രൂപവീതം 12 മാസം ചെലവാക്കി 20 വർഷം ജീവിക്കാൻ 60 ലക്ഷം രൂപ വേണ്ടി വരും. ഇത് പണപ്പെരുപ്പം കൂടിയാൽ 1 കോടിയിലെത്തുക സ്വാഭാവികം. ഇത്രയും തുക സമാഹരിക്കുന്നത് നമ്മുടെ ജീവിതത്തിലെ മറ്റു സാമ്പത്തിക ആവശ്യങ്ങളെല്ലാം നിറവേറ്റിയ ശേഷമാണെന്ന് മറക്കണ്ട. അങ്ങിനെയുള്ളപ്പോൾ വിരമിക്കൽ എന്ന പ്രക്രിയ നമ്മുടെ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ മക്കളുടെ പഠനവും അവരുടെ വിവാഹവും മറ്റാവശ്യങ്ങളും കഴിഞ്ഞ് ഏകദേശം 50 വയസ്സാകുമ്പോഴാണ് ഒരാൾ വിരമിക്കലിനെ പറ്റി ചിന്തിക്കുന്നത്.


വിരമിക്കാനായി തയാറേടുക്കേണ്ടത് 50 വയസ്സാകുമ്പോഴല്ല വിരമിക്കാനായി വെറും നാലോ അഞ്ചോ വർഷം ബാക്കിയുള്ളപ്പോഴാണ് നമ്മൾ വിരമിക്കുന്നതിനെപ്പറ്റിയും അന്നു വേണ്ട പണത്തെപ്പറ്റിയും ചിന്തിക്കുന്നത്. എന്നാൽ വളരെ മുന്നേ തന്നെ ഇതിനു വേണ്ടി തയാറെടുത്തെങ്കിൽ മാത്രമെ ബാധ്യതകളും അധ്വാനഭാരവും ഇല്ലാത്ത ഒരു വിശ്രമ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. മുമ്പു പറഞ്ഞ ഉദാഹരണത്തിൽ കൂടി ഒന്നു കണ്ണോടിക്കുകയാണെങ്കിൽ 1.2 കോടി രൂപ സമാഹരിക്കാൻ ഒരാൾ 30- ാം  വയസ്സിൽ നിക്ഷേപം തുടങ്ങുകയാണെങ്കിൽ 8 ശതമാനം പലിശയിൽ അയാൾ പ്രതിമാസം 12,500 രൂപ നിക്ഷേപിക്കണം. 
ഇതു തന്നെ 40- ാം വയസ്സിലാണ് തുടങ്ങുന്നതെങ്കിൽ ഇത് 20,100 രൂപയായി വർധിക്കും. 60- ാം  വയസ്സിൽ വിരമിക്കാൻ 50- ാം  വയസ്സിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ പ്രതിമാസം 44,000 രൂപ നിക്ഷേപിക്കേണ്ടതായി വരും.


20-25 വർഷം വരുമാനമില്ലാതെ ജീവിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിലും ഭയാനകമാണ് ബാധ്യതകളുടെ ചുമടും പേറി വിരമിക്കുന്നത്. കൃത്യതയാർന്ന സാമ്പത്തിക ആസൂത്രണം ഇതിനായി ആവശ്യമാണ്. വായ്പയായാലും നിക്ഷേപമായാലും 60 വയസ്സിനപ്പുറത്തേക്ക് നീട്ടരുത്. ഈ സമയത്ത് ഒരു വായ്പയ്ക്കും ഈടു നിൽക്കുന്നതും ദോഷകരമാണ്. 
കൂടാതെ ചിട്ടി, ഇൻഷുറൻസ് പോലുള്ള നിക്ഷേപങ്ങൾ വിരമിച്ചതിന് ശേഷം പുതിയതായി ചേരുന്നത് ഒഴിവാക്കണം. ഈ സമയത്ത് തുടരേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ആരോഗ്യ ഇൻഷുറൻസും ടേം പോളിസിയുമാണ്. മുമ്പ് തുടങ്ങിവെച്ചിട്ടുള്ള ഈ പോളിസികൾ ഒരു മുടക്കവും കൂടാതെ അടയ്ക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് പരമമായ പ്രാധാന്യം കൊടുക്കേണ്ട ഈ സമയങ്ങളിൽ സാമ്പത്തിക ബാധ്യതയും ഞെരുക്കവും ഉണ്ടാകാതെ ശ്രദ്ധിക്കണം. തിരിച്ചു ലഭിക്കാൻ സാധ്യതയില്ലാത്ത കടംകൊടുക്കലുകളും ഒഴിവാക്കാം. നമുക്ക് പണം തന്നു സഹായിക്കാൻ ഈ സമയത്ത് ആരും ഉണ്ടാവില്ല എന്നോർക്കണം.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധനാണ് ലേഖകൻ)

Latest News