Sorry, you need to enable JavaScript to visit this website.

ദുരഭിമാനക്കൊല: ജാതിവൈകൃതങ്ങളുടെ കേരളം  

നമുക്ക് ജാതിയില്ല എന്നഹങ്കരിക്കുന്നവരാണല്ലോ മലയാളി. ഇതു പറഞ്ഞ് മറ്റു സംസ്ഥാനങ്ങളെ അധിക്ഷേപിക്കാനും നാം മടിക്കാറില്ല. എന്നാൽ കേരളത്തിലും ജാതിചിന്ത ശക്തമാണെന്നും പലപ്പോഴും അത് പരോക്ഷമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എത്രയോ പേർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടാറുണ്ട്. ഒരു വശത്ത് ജാതിയില്ല എന്ന മാസ്‌ക് ധരിക്കുകയും എന്നാൽ വീട്ടിലെത്തിയാൽ ആ മാസ്‌ക് വലിച്ചെറിയുന്നവരുമാണ് നമ്മൾ. അല്ലെങ്കിൽ കവി കുരീപ്പുഴ പറഞ്ഞ പോലെ പുറത്തു പോയി വന്നാൽ വീടിനകത്ത് വേറെ ചെരിപ്പുപയോഗിക്കുന്നവർ.
 കക്ഷിരാഷ്ട്രീയത്തിനതീതമായി നമ്മളെല്ലാം ഇടതുപക്ഷ ചിന്താഗതിക്കാരെന്നു അവകാശപ്പെടുകയും അതനുസരിച്ച് നമുക്ക് ജാതിയില്ലെന്നു അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ സ്വകാര്യ ജീവിതമായാലും പൊതുജീവിതമായാലും എവിടെയും ജാതി പരോക്ഷമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതാണ് മലയാളിയുടെ കാപട്യം. പലപ്പോഴും അതുംവിട്ട് വളരെ പ്രത്യക്ഷമായും ജാതി പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് അരങ്ങേറിയ ജാതിക്കൊല. ദുരഭിമാന കൊല എന്ന പലരും ഉപയോഗിക്കുന്ന പദമല്ല ഇവിടെ ഉപയോഗിക്കേണ്ടത്. ജാതിയുടെ പേരിലാണ് ദുരഭിമാനം എന്നതിനാൽ ജാതിക്കൊല എന്നു തന്നെ പറയണം.


കോടതിയടക്കം ദുരഭിമാനക്കൊല എന്നു വിലയിരുത്തിയ ആദ്യ സംഭവം  കെവിന്റെ കൊലപാതകമായിരുന്നു. അതാകട്ടെ സംഭവിച്ചത് ജാതിയില്ല എന്നൊക്കെ അവകാശപ്പെടുന്ന ക്രിസ്ത്യൻ സമൂഹത്തിനകത്തായിരുന്നു.  കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും സവർണ ക്രൈസ്തവ കുടുംബ പരിസരമുള്ള റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. നീനുവിന്റെ വീട്ടുകാർ തന്നെയായിരുന്നു കൊലപാതകം നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പിതാവും സഹോദരനും തന്റെ ഭർത്താവിനെ കൊല്ലുകയായിരുന്നു എന്നും മരണം വരെ കെവിന്റെ മാതാപിതാക്കളെ താൻ സംരക്ഷിക്കുമെന്നും നീനു കോടതിയിൽ പറഞ്ഞത്.  സംഭവം ദുരഭിമാന കൊലപാതകം തന്നെയെന്നു നിരീക്ഷിച്ച കോടതി 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.   കുറ്റക്കാരല്ലെന്നു കണ്ട് നീനുവിന്റെ പിതാവടക്കം 4 പേരെ കോടതി വെറുതെ വിട്ടു. 


പിന്നീട് നടന്നത് ഇതിനേക്കാൾ ഞെട്ടിക്കുന്ന ഒരു കൊലയായിരുന്നു. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് സ്വന്തം പിതാവിനാൽ കൊല ചെയ്യപ്പെട്ട ആതിരയെ മറക്കാറായിട്ടില്ലല്ലോ. ആതിര പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഒരു പട്ടാളക്കാരനെയായിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഒരാൾ. ആതിരയുടേതാകട്ടെ ദരിദ്ര കുടുംബവും. എന്നിട്ടും വിവാഹത്തലേന്ന് ആ വിവാഹം നടന്നാൽ താനെങ്ങനെ സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമെന്നു ചോദിച്ചാണ് അയാൾ മകളെ വെട്ടിക്കൊന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സംഭവത്തിന്റെ ക്ലൈമാക്സോ? ആതിരയുടെ അമ്മയും സഹോദരനും  അതായത് കൊലയാളിയുടെ ഭാര്യയും മകനും  കോടതിയിൽ കൂറുമാറി. കുടുംബത്തെ സംരക്ഷിക്കാൻ. അങ്ങനെ തെളിവില്ലാത്തതിന്റെ പേരിൽ ഈ ജാതിക്കൊല കുറ്റവിമുക്തമായി. വാസ്തവത്തിലവർ കൂറുമാറുകയല്ല, ഈ ജാതിവ്യവസ്ഥയോട് കൂറുപുലർത്തുകയാണ് ചെയ്തത്. സ്വന്തം മകളെയും മരുമകനെയും പോലും കൊന്നുകളയാൻ മടിക്കാത്തത്ര ശക്തമാണ് കേരളത്തിൽ ജാതി എന്ന വസ്തുതയാണ് ഇതിലെല്ലാം വ്യക്തമാകുന്നത്. 


ഈ പരമ്പരയിൽ അടുത്തതാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന അനീഷിന്റെ കൊല. വിഷയം ജാതി തന്നെ. കൊലപാതകികൾ അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവടക്കമുള്ളവർ. അതാകട്ടെ 90 ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 89 ാം ദിവസം കൃത്യം ചെയ്യുകയായിരുന്നു. ഭീഷണിയെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. പോലീസ് സമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ കെവിന്റെ കൊലപാതകവും തടയാമായിരുന്നു എന്ന് അന്നു തന്നെ വാർത്തയുണ്ടായിരുന്നു. ഇതെല്ലാം സംഭവിച്ചിട്ടും കൊലക്കുള്ള പ്രധാന കാരണം, ജാതിയില്ല, ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക വ്യത്യാസമാണ് എന്നു സമർത്ഥിക്കാനുള്ള ശ്രമം നടക്കുന്നു. ജാതിയാണെന്നംഗീകരിച്ചാൽ ജാതിരഹിത കേരളം എന്ന നമ്മുടെ മാസ്‌ക് ഊരിപോകുമെന്നതല്ലാതെ മറ്റൊന്നുമല്ല അതിനു കാരണം. എസ്.സി. എസ്.ടി വിഭാഗങ്ങളൊഴികെയുള്ളവരിൽ നിന്ന് ജാതിരഹിത പുരോഗമന വിവാഹാലോചനകൾ ക്ഷണിക്കുന്ന ഒരു നാട്ടിൽ ഇതു നടക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 


ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. തിരുവനന്തപുരം മേയറായി 21 വയസ്സുള്ള യുവതിയെ തെരഞ്ഞെടുത്തതിന്റെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുമ്പോഴായിരുന്നു ഈ കൊലപാതകത്തിന്റെ വാർത്ത വന്നത്. 21 കാരിയെ മേയറാക്കാനുള്ള തീരുമാനം വിപ്ലവകരം തന്നെ എന്നതിൽ സംശയമില്ല. എന്നാൽ അതിനു പിറകിലും ജാതി എന്ന ഘടകം പ്രവർത്തിക്കുന്നു എന്ന് വിമർശനമുയർന്നു.  സവർണ ആധിപത്യമുള്ള പ്രദേശമാണ് തിരുവനന്തപുരം എന്ന് എല്ലാവർക്കും അറിയാം. എവിടെയും സ്ഥാനാർത്ഥി നിർണയം മുതൽ എല്ലാവരും എപ്പോഴും ജാതി, മത പരിഗണനകൾ നോക്കുമെന്നും അറിയാത്തവരാരുമില്ല. ഈ സാഹചര്യത്തിൽ ''ശ്രീപത്മനാഭന്റെ മണ്ണിൽ'' ആദ്യപരിഗണന ആർക്കായിരിക്കുമെന്നു വ്യക്തം. ഈ കുട്ടിയേക്കാൾ പ്രവർത്തന പരിചയം മാത്രമല്ല, പാർട്ടിയിൽ ഉയർന്ന പദവികളുള്ളവരും വിജയിച്ചിട്ടുണ്ട്. അവരിൽ ദളിതരും മുസ്‌ലികളുമടക്കമുണ്ട്. അതൊക്കെ നിലനിൽക്കുമ്പോൾ ഈ തെരഞ്ഞെടുപ്പിനു പിറകിലെ ഒരു പ്രധാന ഘടകം ജാതിയാണെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.  പക്ഷേ ഈ വിഷയം ചൂണ്ടിക്കകാണിക്കുന്നവരെ ജാതിവാദികളെന്നു ചിത്രീകരിക്കുകയായിരുന്നു സൈബർ സഖാക്കൾ ചെയ്തത്. കേരളം എന്നേ ജാതിചിന്തകളെ മറികടന്നു എന്നും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ് ജാതിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്നുമാണ് അവരുടെ വാദം. ഒപ്പം ഇത്, കേരളമാണ്, ഉത്തരേന്ത്യയല്ല എന്നൊക്കെയുള്ള പതിവു പല്ലവികളും. ഈ തർക്കം സോഷ്യൽ മീഡിയയിൽ മുറുകുമ്പോഴായിരുന്നു എന്താണ് കേരളം എന്നു വെളിവാക്കിയുള്ള  അനീഷിന്റെ കൊലപാതക വാർത്ത പുറത്തു വരുന്നത്.  
അതെ, നമ്മുടെ വിപ്ലവകരമെന്നു കൊട്ടിഘോഷിക്കുന്ന എല്ലാ പ്രവൃത്തികൾക്കു പിറകിലും മറച്ചുവെക്കപ്പെടുന്ന പച്ചയായ യാഥാർത്ഥ്യം തന്നെയാണ് ജാതിയും ജാതീയ വിവേചനങ്ങളും ജാതീയ പീഡനങ്ങളും എന്നതാണ് യാഥാർത്ഥ്യം. 

Latest News