Sorry, you need to enable JavaScript to visit this website.

ജനദ്രോഹകരം, കേന്ദ്ര തൊഴിൽ നിയമം

കേന്ദ്രം നടപ്പിലാക്കിയ തൊഴിൽ നിയമങ്ങൾ നിർമാണ മേഖലയിലടക്കം അതിഗുരുതരമായ അസംതൃപ്തിക്ക് വഴിവെച്ചിരിക്കുന്നു. തൊഴിൽ നിയമങ്ങൾ പാർലമെന്റിൽ തിടുക്കത്തിൽ പാസാക്കുകയായിരുന്നു മോഡി സർക്കാർ. ചർച്ചകളും സംവാദങ്ങളും അപ്രസക്തമാക്കി ഏതു വിധേനയും നിയമം പാസാക്കുക, നിയമ നിർമാണ പ്രക്രിയയെ മോഡിയും സംഘവും 'സമ്പുഷ്ടമാക്കുന്നത്' ഇങ്ങനെയാണ്. 


ബി.ജെ.പി ഭരണത്തിൽ പാർലമെന്റ് നിയമ നിർമാണ സാഹസികതയുടെ ഇടമായിരിക്കുന്നു. സ്വാഭാവികമെന്ന പോലെ നിയമങ്ങൾ തച്ചുടയ്ക്കപ്പെടുന്നു. പൗരത്വ നിയമം തുടങ്ങി, തൊഴിൽ നിയമങ്ങളോ കാർഷിക നിയമങ്ങളോ ആകട്ടെ ഭരണകക്ഷിയുടെ ഇഛാനുസൃതം നിയമ നിർമാണ നടപടികളെയെല്ലാം അട്ടിമറിച്ച് പാസാക്കിയെടുക്കുന്നു. ഓരോ നിയമ നിർമാണത്തിലും നിഴലിക്കുന്നത് ഭരണ സംവിധാനത്തിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ മുൻവിധികളാണ്. വംശീയ മേധാവിത്വത്തിന്റെ ആശയവും മൂലധനത്തിന്റെ ഇഛയും നിയമങ്ങളുടെ ഉള്ളടക്കവും സ്വഭാവവും നിർണയിക്കുന്നു. വശ്യമായ പദപ്രയോഗങ്ങളിൽ വിവിധ നിയമങ്ങളെ വിശേഷിപ്പിക്കുമ്പോഴും അന്തർലീനമായ വൈരുധ്യങ്ങൾ തെളിഞ്ഞുകാണുന്നു. തൊഴിൽ നിയമങ്ങളിൽ ഇക്കാര്യങ്ങൾ പ്രകടമാണ്. പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ താൽപര്യ സംരക്ഷണത്തിനെന്ന് ഭരണകൂടം പറഞ്ഞുകൊണ്ടേയിരുന്നു. നാൽപതു നിയമങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ നാലു നിയമങ്ങളിലേക്ക് ചുരുക്കുന്നു, അവർ വിശദീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും വാതോരാതെ പറഞ്ഞു. പക്ഷേ, തൊഴിൽ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശകളെല്ലാം വെറുതെയായി. പാർലമെന്റിൽ നിയമം പാസായപ്പോൾ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല.


മായികമായ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയിൽ മതിമയങ്ങിയിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. രാജ്യത്തിന്റെ പുരോഗതിയിൽ തൊഴിലാളികളുടെ പങ്ക് പൂർണമായും അവഗണിക്കപ്പെട്ടു. തൊഴിലാളി വിരുദ്ധ വർഗസമീപനം മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും അടിസ്ഥാന തത്വങ്ങളെ മറന്നു. ഉൽപാദന പ്രക്രിയയിൽ ഭൂമി, തൊഴിലാളി, മൂലധനം എന്നിവ അനിവാര്യമെന്ന് പഠിപ്പിക്കുന്നു. മൂലധനത്തിലും ഭൂമിയിലും അഭിരമിച്ചവർ തൊഴിൽ ശക്തിയെ അവഗണിച്ചു. മൃഗീയ ലാഭത്തിനായുള്ള അത്യാഗ്രഹത്തിൽ ആഗോള കുത്തകകൾ തൊഴിൽ ശക്തിയുടെ മൂല്യം ഇടിച്ചുതാഴ്ത്തുന്നു. അങ്ങനെ നേടുന്ന മിച്ചം ലാഭത്തിനൊപ്പം ചേർക്കുന്നു. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഈ തത്വമാണ് ഭരണകൂടത്തെ നയിക്കുന്നത്. സ്വദേശിയെന്നു മുദ്ര ചാർത്തിയ ബി.ജെ.പി സർക്കാരും നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രക്ഷയുടെ മാർഗമായി കരുതുന്നത്. രാജ്യസ്‌നേഹം പകരുന്ന ശുഷ്‌കാന്തിയാൽ സംഘടിതമായി തൊഴിലാളി വർഗം ഇതിനെതിരെ രംഗത്തു വന്നു. സംഘടിത തൊഴിൽ സേനയ്‌ക്കൊപ്പമാകാൻ മടിച്ച സംഘപരിവാർ സംവിധാനങ്ങളുടെ ഭാഗമായി ബി.എം.എസും തൊഴിൽ നിയമങ്ങളെ പിന്തുണക്കുന്നതിൽ വൈമനസ്യം പുലർത്തി. ഇപ്പോൾ വിപണിയുടെ താൽപര്യങ്ങൾക്കനുസരിച്ച് തൊഴിൽ നിയമങ്ങൾക്ക് ചട്ടങ്ങൾ തയാറാക്കിയിരിക്കുന്നു. ചട്ടങ്ങൾ മാതൃനിയമത്തിന് അനുബന്ധമായിരിക്കണം.

ബന്ധപ്പെട്ട നിയമങ്ങളെ മറികടക്കുന്നതാകരുത്. നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ചട്ടങ്ങൾക്ക് അതിന്റേതായ പങ്ക് വഹിക്കാനുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പോലും തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഭരണകൂടം തയാറാകുന്നില്ല. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളെല്ലാം ഒരു ദിവസം കൊണ്ട് പൂർത്തീകരിക്കാൻ തൊഴിൽ മന്ത്രാലയം ട്രേഡ് യൂനിയനുകളുടെയും തൊഴിലാളികളുടെയും വിർച്വൽ മീറ്റിംഗ് വിളിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം അവസാനിപ്പിക്കാനുദ്ദേശിച്ചായിരുന്നു ആ യോഗം. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി എന്നൊരു പുകമറ പുറംലോകത്ത് സൃഷ്ടിക്കുകയായിരുന്നു കേന്ദ്രത്തിന്റെ ഉദ്ദേശ്യം. എന്നാൽ ഇത്തരം വിർച്വൽ യോഗങ്ങൾ ത്രികക്ഷി ചർച്ചകളുടെ സത്ത ഇല്ലാതാക്കി. ഇടവേളകളിൽ നടത്തിവരാറുള്ള ഇന്ത്യൻ ലേബർ കോൺഫറൻ (ഐ.എൽ.സി) സുമായുള്ള ആലോചനാ യോഗങ്ങൾ ത്രികക്ഷി ചർച്ചകളിൽ നിർണായകമായിരുന്നു. മോഡി ഭരണത്തിൽ ഒരു തവണ മാത്രമാണ് ഐ.എൽ.സിയുമായി ചർച്ച നടന്നത്. എന്നാൽ വ്യവസായ വാണിജ്യ സംഘടനകളുമായി ഒട്ടനവധി തവണ ആശവിനിമയ വേദികൾ സജ്ജമാക്കി. ആർക്കൊപ്പമാണ് സർക്കാരെന്ന് ഇത് വെളിപ്പെടുത്തുന്നുമുണ്ട്.


സുദീർഘങ്ങളായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണ് തൊഴിലവകാശങ്ങളും കൂടിയാലോചനാ സംവിധാനങ്ങളും. ഇപ്പോൾ ഇതെല്ലാം സർക്കാർ തട്ടിയെടുക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നു. നിയമ നിർമാണം അർത്ഥപൂർണമാകണമെന്നും നടപടികൾ ക്രമപ്രകാരം നടപ്പിലാക്കണമെന്നും കേന്ദ്ര ട്രേഡ് യൂനിയനുകൾ സർക്കാരിനോട് ആവർത്തിക്കുന്നുമുണ്ട്. വിർച്വൽ മീറ്റിംഗുകളല്ല നേരിട്ടുള്ള യോഗങ്ങൾ സംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഓരോ നിയമവും വെവ്വേറെ ചർച്ച ചെയ്യണം. വേണ്ടത്ര സമയം ചെലവഴിച്ച് സംവാദങ്ങളിലൂടെ പ്രതിസന്ധികൾക്ക് ഉത്തരങ്ങൾ കണ്ടെത്തണം. 
 

Latest News