റിയാദ് - ഗുരുതരമായ ട്രാഫിക് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതുമായി ബന്ധപ്പെട്ട രേഖയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും ഒപ്പുവെച്ചു.
ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടിക്രമങ്ങള്‍ ഇരു വിഭാഗവും ഒപ്പുവെച്ച ഏകോപന രേഖയില്‍ ഉള്‍പ്പെടുന്നു.
ഇതനുസരിച്ച് മരണത്തിനോ അംഗവൈകല്യത്തിനോ പരിക്കുകള്‍ക്കോ കാരണമാകുന്ന നിലയില്‍ ഡ്രൈവറുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിര്‍ത്തി ട്രാഫിക് പോലീസില്‍ അപകടത്തെ കുറിച്ച് ഡ്രൈവര്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, സാധ്യമായ സഹായങ്ങള്‍ പരിക്കേറ്റവര്‍ക്ക് നല്‍കാതിരിക്കുക, അപകടമുണ്ടാക്കിയ ഡ്രൈവറെ മാറ്റുക, കരുതിക്കൂട്ടി വാഹനാപകടമുണ്ടാക്കുക എന്നീ സാഹചര്യങ്ങളില്‍ ട്രാഫിക് പോലീസ് ഉടനടി പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ട്രാഫിക് നിയമവും ക്രിമിനല്‍ പ്രൊസീജ്യേഴ്‌സ് നിയമവും അനുസരിച്ച് പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.