റിയാദ് - പോലീസ് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ ലൈറ്റുകളും സൈറണുകളും കാറിൽ ഉപയോഗിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. 23 വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പോലീസ് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ സജ്ജീകരണങ്ങൾ സ്ഥാപിച്ച കാറിൽ തലസ്ഥാന നഗരിയിലെ മെയിൻ റോഡിലൂടെ സഞ്ചരിച്ച് കൈതോക്കും യന്ത്രത്തോക്കും ഉപയോഗിച്ച് യുവാവ് നിറയൊഴിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.






