Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

അക്കൗണ്ടില്‍ 15 ലക്ഷമെത്തി, ഞെട്ടല്‍ മാറാതെ രാജു 

കോട്ടയം- സിസ്റ്റർ അഭയ കൊലക്കേസിൽ  28 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ ശിക്ഷാ വിധിയിലേക്ക് വഴിയൊരുക്കിയ രാജുവിന് സഹായമായി അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ ഒഴുകുന്നു. 15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസം വരെ രാജുവിന്റെ അക്കൗണ്ടില്‍ എത്തി. ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എടിഎമ്മിലെത്തിയ രാജു ലക്ഷങ്ങള്‍ അക്കൗണ്ടില്‍ വന്നത് കണ്ട് അന്തംവിട്ടു. സിസ്റ്റര്‍ അഭയയെ കൊന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുഖ്യ സാക്ഷി  രാജുവിന് നാട്ടുകാരുടെ വക സ്‌നേഹ സമ്മാനം. ലക്ഷങ്ങളുടെ പ്രലോഭനമുണ്ടായിട്ടും അതില്‍ ഒന്നും വീഴാതെ മൊഴിയില്‍ രാജു ഉറച്ചുനിന്നതാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ ഒരു പ്രധാന കാരണം.
പയസ് ടെന്‍ത് കോണ്‍വെന്റില്‍ മോഷണത്തിന് കയറിയപ്പോള്‍ പ്രതികളെ കണ്ടുവെന്ന മൊഴി മാറ്റി പറയുന്നതിന് ലക്ഷങ്ങള്‍ സഭാ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്നപ്പോള്‍, മോഷണ ശ്രമത്തിനിടെ അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ക്രൂര മര്‍ദ്ദനവും ഉണ്ടായി. പ്രമുഖ അഭിഭാഷകന്‍ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും അഭയയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ മോഷണ ശ്രമത്തിനിടയില്‍ വൈദികരെ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയില്‍ രാജു ഉറച്ചു നില്‍ക്കുകയായിരുന്നു.അഭയയെ കൊന്നുവെന്ന് ഏറ്റാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്ന രാജു ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി കഴിയുന്നുവെന്ന വാര്‍ത്തക്കൊപ്പം മാധ്യമങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പരും കൊടുത്തിരുന്നു.

Latest News