Sorry, you need to enable JavaScript to visit this website.

ഹജ് തീർഥാടകർക്ക് സ്മാർട്ട് ഐ.ഡി  കാർഡ് വിതരണം ചെയ്യും -മന്ത്രാലയം

ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഐ.ഡി കാർഡ് (വലത്ത്) കിയോസ്‌ക് സംവിധാനം വഴി കാർഡിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന തീർഥാടകൻ (ഫയൽ)


ജിദ്ദ- അടുത്ത ഹജ് സീസണിൽ മുഴുവൻ തീർഥാടകർക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഹജ്, ഉംറ മേഖലയിലെ പ്രവർത്തനങ്ങളും സേവനങ്ങളും സാങ്കേതികമായി ബന്ധിപ്പിക്കാൻ ഡിജിറ്റൽ പ്ലാറ്റ് ഫോം വികസിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 
'ഡിജിറ്റൽ ലോകത്ത് നമുക്ക് എങ്ങിനെ മാതൃക സൃഷ്ടിക്കാം' എന്ന ശീർഷകത്തിൽ മക്ക കൾച്ചറൽ ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായാണ് ഹജ് സ്മാർട്ട് കാർഡ് പ്ലാറ്റ്‌ഫോം എന്ന പേരിൽ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.


തീർഥാടകരുടെ വ്യക്തിഗത വിവരങ്ങളും മെഡിക്കൽ, പാർപ്പിട വിശദാംശങ്ങളും അടങ്ങിയതാകും സ്മാർട്ട് ഐ.ഡി കാർഡുകൾ. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതിക വിദ്യയിലൂടെയാണ് ഈ സ്മാർട്ട് കാർഡ് പ്രവർത്തിക്കുക. പുണ്യസ്ഥലങ്ങളിൽ വിവിധയിടങ്ങളിൽ വിന്യസിക്കുന്ന സ്വയം സേവന ഉപകരണങ്ങളിലൂടെ (കിയോസ്‌ക്) കാർഡ് വായിക്കാനാവും. കൂടാതെ, സ്മാർട്ട് കാർഡിൽ പ്രിന്റ് ചെയ്ത ക്യൂ.ആർ കോഡ് വഴിയും തീർഥാടകരുടെ വിവരങ്ങൾ ലഭ്യമാകും. തീർഥാടകർക്ക് അവരുടെ താമസ സ്ഥലങ്ങളിലേക്കും ആരാധനാ കേന്ദ്രങ്ങളിലേക്കും എത്താൻ സ്മാർട്ട് കാർഡുകൾ ഏറെ പ്രയോജനപ്പെടും. സർവോപരി, അനധികൃത മാർഗത്തിലൂടെ ഹജ് ചെയ്യാനുള്ള പ്രവണതക്കും പുതിയ തീരുമാനം ഫലപ്രദമായി തടയിടുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.


അടുത്ത ഹജ് സീസണിൽ സ്മാർട്ട് കാർഡുകളുടെ പ്രവർത്തനം ഔദ്യോഗികമായി തുടങ്ങും. കഴിഞ്ഞ ഹജ് സീസണിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ചിരുന്നു. 50,000 ത്തോളം തീർഥാടകർക്ക് വിതരണം ചെയ്താണ് 2018 ൽ കാർഡുകൾ പരീക്ഷിച്ചത്. ഏകീകൃത കേന്ദ്രത്തിലൂടെ പുണ്യ കർമങ്ങൾ നിയന്ത്രിക്കുന്ന സേവനം നേരത്തെ വിജയകരമായി പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഐ.ഡി കാർഡുകൾ ഇത്തവണ വിപുലമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതെന്ന് മന്താലയം അറിയിച്ചു. 'വിഷൻ 2030' സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് ഹജ് പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

 

 

Latest News