ഉത്തരേന്ത്യയില്‍ കൊടുംതണുപ്പ്; മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- വരുംദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ മദ്യപാനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വീട്ടിലും പാര്‍ട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറക്കും, അതിശൈത്യത്തിനിടെ ഇത് ആരോഗ്യം അപകടത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്. വീട്ടിനകത്തു തന്നെ കഴിയുക, വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഭക്ഷിക്കുക, ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള ലേപനം പുരട്ടുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. 

പഞ്ചാബ്, ഹരിയാന, ദല്‍ഹി, ഉത്തര്‍ പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ അതിശൈത്യ തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ചയും തിങ്കളാഴ്ചയും അതിശൈത്യത്തിന് അല്‍പ്പം കുറവുണ്ടാകുമെങ്കിലും അതുകഴിഞ്ഞ് കഠിന തണുപ്പ് വ്യാപിക്കും. 

ചുരുങ്ങിയ താപനില 10 ഡിഗ്രിയില്‍ താഴെയാകുമ്പോള്‍ തണുപ്പു ദിവസമായും പരമാവധി താപനില 4.5 അല്ലെങ്കില്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ കൊടും തണുപ്പായും കണക്കാക്കുന്നു. ചുരുങ്ങിയ താപനില 10 ഡിഗ്രിയോ അതില്‍ താഴെയോ അല്ലെങ്കില്‍ സീസണിലെ തുടര്‍ച്ചയായ രണ്ടു ദിവസത്തെ സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി കുറവോ ആകുമ്പോഴാണ് സമതല പ്രദേശങ്ങളില്‍ ശൈത്യ തരംഗം സംഭവിക്കുന്നത്.
 

Latest News