നേതാക്കളുടെ തോല്‍വി; തൃശൂരില്‍ ബി.ജെ.പി ഒമ്പത് പേരെ പുറത്താക്കി

തൃശൂര്‍- തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂരില്‍ ബി.ജെ.പി ഒമ്പത് പ്രാദേശിക നേതാക്കളെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇവരെ പുറത്താക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ജില്ലയായിരുന്നുവെങ്കിലും  കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ എന്‍.ഡി.എക്ക് സാധിച്ചിരുന്നില്ല. കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ഗോപാലകൃഷ്ണന്‍ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി.

ഹിന്ദു ഐക്യവേദി നേതാവ് കെ കേശവദാസ്, മുന്‍കൗണ്‍സിലര്‍ ലളിതാംബിക, ഇവരുടെ മകന്‍ മനീഷ്, മകള്‍ അരുണ കേശവദാസ്, കൈപമംഗലത്തുള്ള പോണത്ത് ബാബു, ഒല്ലൂരിലുള്ള ചന്ദ്രന്‍ മാടക്കത്തറ, ഗുരുവായൂരിലുള്ള ജ്യോതി കൂളിയാട്ട്, പ്രശോഭ് മോഹന്‍, ചേലക്കരയിലുള്ള ഉഷാ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. ബി. ഗോപാലകൃഷ്ണന്‍ മത്സരിച്ച് തോറ്റ വാര്‍ഡിലെ മുന്‍കൗണ്‍സിലറാണ് ലളിതാംബിക.

 

Latest News