Sorry, you need to enable JavaScript to visit this website.

ഞെട്ടിക്കുന്ന വിഡിയോ: 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ആഗ്ര- ഉത്തരേന്ത്യയെ ഏകദേശം മൂടിയ മൂടൽ മഞ്ഞിൽ അപകടവും തുടർക്കഥയാകുന്നു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു. യമുന അതിവേഗ പാതയിലുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒട്ടേറെ വാഹനങ്ങളാണ് യമുന-മഥുര അതിവേഗ പാതയിൽ അപകടത്തിൽ പെട്ടത്. ബൽഡോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഹത്തൗറ ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് പോലീസ് പറഞ്ഞു. 
ദൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഇരട്ടിച്ച് ഡൽഹിയിലെ കാലാവസ്ഥ മരണകാരണമായ അവസ്ഥയിലാണ്. പുകമഞ്ഞു മൂടി പുലർന്ന ഇന്നും ദൽഹിയിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ല. ദീപാവലി ആഘോഷങ്ങൾക്ക് ശേഷവും ഡൽഹിയിലെ കാലാവസ്ഥ മോശം നിലയിലെത്തിയിരുന്നു. പശ്ചിമ ഡൽഹിയിലെ ശാദിപ്പൂരിലാണ് ഇന്നലെ ഏറ്റവും മോശം കാലാവസ്ഥ രേഖപ്പെടുത്തിയത്. ഡൽഹിയിലെ നിലവിലെ അന്തരീക്ഷ മലിനീകരണം ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്നാണ് ഗംഗാറാം ആശുപത്രിയിലെ ചെയർമാൻ ഡോ. അരവിന്ദ് കുമാർ പറഞ്ഞത്.

രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡൽഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകൾക്കും അവധിയാണ്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് അസംബ്ലിയോ ക്ലാസ് മുറികൾക്കു പുറത്തുള്ള പരിപാടികളോ ഉണ്ടായിരിക്കില്ല. ദൽഹിയിലെ കാലാവസ്ഥ അതീവ മോശമാമെന്നും പരിഹാര നടപടികൾ എടുത്തു വരികയാണെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമയും വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പൊടി ഉയരാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. അതിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയെങ്കിലും മന്ത്രി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനായി ജർമ്മനിയിലാണ്. മന്ത്രി തിരിച്ചെത്തിയ ശേഷം കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കുമെന്ന് കേജരിവാൾ അറിയിച്ചു.
ഡൽഹിയിൽ പലയിടത്തും കാഴ്ച പരിധി 200 മീറ്ററിൽ താഴെയായിരുന്നു. ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്‌കൂളുകളിൽ ഉൾപ്പടെ പുറത്തുവെച്ചുള്ള കായിക പരിപാടികൾ ഉപേക്ഷിക്കണമെന്നും മന്ത്രി മനീഷ് സിസോദിയക്കയച്ച കത്തിൽ വ്യക്തമാക്കി. ഈ മാസം 19നു ഡൽഹിയിൽ നടത്താനിരുന്ന അർധ മാരത്തോണും പിൻവലിക്കാൻ നിർദേശമുണ്ട്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മോശം എന്നതിൽ നിന്ന് ഏറ്റവും മോശമായി മാറിയെന്നാണു ഐഎംഎ നാഷണൽ പ്രസിഡന്റ് കെ.കെ അഗർവാൾ വ്യക്തമാക്കിയത്. ഏറെ ആരോഗ്യമുള്ള ആളുകൾക്ക് പോലും ഈ ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 
അയൽ സംസ്ഥാനങ്ങളിൽ കൃഷിസ്ഥലങ്ങളിൽ വിളവെടുപ്പിന് ശേഷം വൈക്കോലും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനു കാരണം. ഇതിനു ശാശ്വത പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കേജരിവാൾ വ്യക്തമാക്കി. വൈക്കോൽ കത്തിക്കുന്നതാണു പ്രധാന കാരണമെങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മോശമാകാൻ മറ്റു കാരണങ്ങളുമുണ്ടെന്ന് ഡൽഹി ഹൈക്കോടതിയും ഇന്നലെ ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങളിലെ തീവെപ്പിനെതിരേ എന്തു നടപടിയെടുത്തെന്നു കോടതി ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോട് ആരാഞ്ഞു. ഡൽഹിയിലെ സ്ഥിതി അതീവ മോശമാണെന്നു വിലയിരുത്തിയ ഹൈക്കോടതി കുട്ടികളെ സ്‌കൂളിൽ വിടുന്നതും പ്രഭാത സവാരിയും ഒഴിവാക്കണമെന്നു നിർദേശിച്ചു. 

പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ കാഴ്ച പരിധി 25 മീറ്ററിലും താഴെയായിരുന്നു. മാലിന്യവും ഈർപ്പവും ചേർന്ന പുകമഞ്ഞാണു ഡൽഹിയെ മൂടിയിരിക്കുന്നത്. കടുത്ത പുകമഞ്ഞു മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള 20 വിമാനങ്ങൾ സമയം വൈകിയിരുന്നു. റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരുന്നു. 30ലധികം ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. 
വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി ഡൽഹിയിലെ പാർക്കിംഗ് ഫീസ് നാലിരട്ടിയായി വർധിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണത്തിനായി സുപ്രീംകോടതി നിയോഗിച്ച എൻവിയോൺമെന്റ് പൊലൂഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ അഥോറിറ്റിയാണ് പാർക്കിംഗ് ഫീസ് ഉയർത്തിയത്. അടിയന്തരമായി ഒറ്റ അക്ക, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. അതിനു പുറമേ ഈ ദിവസങ്ങളിൽ ഡൽഹി മെട്രോയുടെ യാത്ര നിരക്കുകൾ കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. 

വിമാനത്താവളങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും അർധസൈനിക വിഭാഗങ്ങളോടും ഫെയ്‌സ് മാസ്‌ക് ധരിച്ച് ജോലിക്ക് ഹാജരാകണമെന്നു നിർദേശം നൽകി. അതിനിടെ അന്തരീക്ഷ മലിനീകരണത്തിലെ അടിയന്തര സാഹചര്യം നേരിടാൻ എന്തു നടപടികൾ എടുത്തുവെന്നു ചോദിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി, യുപി, ഹരിയാന സർക്കാരുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.
 

Latest News