Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ സി.പി.ഐയിലെ അൻസിയ ഡെപ്യൂട്ടി മേയറാകും

  • അൻസിയ പിടിച്ചെടുത്തത് അര നൂറ്റാണ്ട്  ലീഗ് ജയിച്ച വാർഡ്

കൊച്ചി-  സി.പി.ഐയിലെ കെ.എ. ആൻസിയ കൊച്ചി കോർപറേഷനിൽ ഡെപ്യൂട്ടി മേയറാകും. സി.പി.എം - സി.പി.ഐ ജില്ലാ സെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ് ഡെപ്യൂട്ടി മേയർ പദവി സി.പി.ഐക്ക് നൽകാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി മേയർ സ്ഥാനം കൂടി ഏറ്റെടുക്കാൻ സി.പി.എം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സി.പി.ഐ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നണിയിൽ തർക്കങ്ങളില്ലാതെയാണ് ഡെപ്യൂട്ടി മേയർ പദവി ലഭിച്ചതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പാർട്ടി എൽപിക്കുന്ന ചുമതല ആത്മാർത്ഥതയോടെ നിർവഹിക്കുമെന്ന്  ആൻസിയ പ്രതികരിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കലാണ് പ്രഥമ ലക്ഷ്യം. ഭവന രഹിതർക്ക് വീട് നൽകുന്നതിനും മുൻഗണന നൽകുമെന്നും ആൻസിയ പറഞ്ഞു.


പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി കോർപറേഷൻ ഭരണം എൽഡിഎഫിന്റെ കൈകളിലെത്തുന്നത്. സിപിഎമ്മിന്റെ യുവനേതാവായ എം അനിൽകുമാറായിക്കും കൊച്ചി മേയർ. 34 ഇടത് കൗൺസിലർമാരിൽ നാലു പേരാണ് സി.പി.ഐക്കുള്ളത്. അതിൽ ഏക വനിതയാണ് ആൻസിയ. പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചരി അഞ്ചാം നമ്പർ ഡിവിഷനിൽ നിന്നാണ് അൻസിയ വിജയിച്ചത്. അമ്പതു വർഷമായി സ്ഥിരമായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലവും മുസ് ലിം ലീഗിന്റെ കുത്തക മണ്ഡലവുമായിരുന്നു മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ. ഇവിടെ ലീഗിലെ തന്നെ പടലപ്പിണക്കത്തെ തുടർന്ന് വിമത സ്ഥാനാർഥിയും മൽസര രംഗത്തുണ്ടായിരുന്നു. 


75 അംഗ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതായതോടെ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചത്. ലീഗ് വിമതനായി പശ്ചിമ കൊച്ചിയിലെ രണ്ടാം ഡിവിഷനായ കൽവത്തിയിൽ നിന്നും വിജയിച്ച ടി കെ അഷറ്ഫ്, എട്ടാം ഡിവിഷനായ പനയപ്പള്ളിയിൽ നിന്നും വിജയിച്ച കോൺഗ്രസ് വിമതൻ സനിൽമോൻ എന്നിവർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി കോർപറേഷൻ ഭരണം വീണ്ടും എൽഡിഎഫിന്റെ കൈകളിൽ എത്തുന്നത്.ഇരുവരും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരാകുമെന്നാണ് വിവരം.


74 ഡിവിഷനുകളിൽ 34 സീറ്റൂകൾ നേടി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.കഴിഞ്ഞ രണ്ടു തവണയായി ഭരണത്തിലിരുന്ന യുഡിഎഫിന് 31 സീറ്റുകൾ മാത്രമെ നേടാൻ കഴിഞ്ഞുള്ളു.അഞ്ചു സീറ്റ് എൻഡിഎയും നേടി. മൂന്നൂ യുഡിഎഫ് വിമതരും ഒരു എൽഡിഎഫ് വിമതനും വിജയിച്ചതോടെ ഇരു മുന്നണികൾക്കും ഭരണത്തിലെത്താനുളള ഭൂരിപക്ഷം ഇല്ലാതായി എൻഡിഎയുമായി സഹകരിക്കാൻ എൽഡിഎഫും യുഡിഎഫും തയാറാകാതെ വന്നതോടെ 35 സീറ്റുകൾ ലഭിക്കുന്ന മുന്നണിക്ക് അധികാരത്തിലേറാമെന്ന അവസ്ഥയിലെത്തി.ഇതോടെ ലീഗ് വിമതനായ വിജയിച്ച ടി കെ അഷറഫ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ കോൺഗ്രസ് വിമതൻ സനിൽ മോനും എൽഡിഎഫിന് പിന്തുണ നൽകിയതോടെ 36 പേരുടെ പിന്തുണയുമായി എൽഡിഎഫിന് ഭരണത്തിലേറാനുള്ള കളമൊരുങ്ങുകയായിരുന്നു.

Latest News