രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതക കേസിൽ വൻവഴിത്തിരിവ്; കൊന്നത് സീനിയർ വിദ്യാർഥിയെന്ന് സി.ബി.ഐ

കൊല്ലപ്പെട്ട പ്രഥുമാന്‍ താക്കൂര്‍

ന്യൂദൽഹി- ഗുർഗാവിലെ റ്യാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസുകാരൻ സ്‌കൂൾ കുളിമുറിയിൽ കൊല്ലപ്പെട്ട കേസിൽ വൻ വഴിത്തിരിവ്. പ്രഥുമാൻ താക്കൂർ എന്ന വിദ്യാർഥി കൊല്ലപ്പെട്ട കേസിലാണ് ഇതേ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ സി.ബി.ഐ പിടികൂടിയത്. കഴുത്തറുത്ത നിലയിലാണ് ഏഴുവയസുകാരനെ കണ്ടെത്തിയിരുന്നത്. ഇന്നലെ വൈകിട്ട് പിടികൂടിയ വിദ്യാർഥിയെ ജുവൈനൽ കോടതയിൽ ഹാജരാക്കും. സെപ്തംബർ എട്ടിനാണ് വിദ്യാർഥിയെ സ്‌കൂളിലെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂൾ ബസിലെ കണ്ടക്ടറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  

നേരത്തെ പിടിയിലായ അശോക് കുമാര്‍

അതേസമയം, മകനെ അറസ്റ്റ് ചെയ്തതായും അവനെ സി.ബി.ഐ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അറസ്റ്റിലായ കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടി മരിച്ചുകിടക്കുന്ന വിവരം തോട്ടക്കാരനെയും അധ്യാപകരെയും അറിയിച്ചത് തന്റെ മകനായിരുന്നുവെന്നും ഇയാൾ പറയുന്നു. 
കഴിഞ്ഞ കുറേ ദിവസമായി കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെ കുറ്റം സമ്മതിച്ചുവെന്നാണ് സി.ബി.ഐ അധികൃതർ നൽകുന്ന വിവരം. 

Image result for Pradyuman Thakur,
രാജ്യത്തെ മുഴുവൻ ഞെട്ടിച്ച കൊലപാതക കേസിൽ നേരത്തെ അശോക് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയിരുന്നത്. ലൈംഗീക അതിക്രമത്തിനിടെ ഏഴുവയസുകാരനായ വിദ്യാർഥി കൊല്ലപ്പെട്ടുവെന്നായിരുന്നു കേസ്. രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെത്തി അധികം വൈകാതെ തന്നെയാണ് കുട്ടി കൊല്ലപ്പെട്ടത്. പോലീസ് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇതേതുടർന്നാണ് ഹരിയാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Latest News