റിയാദ്- ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ ഫർഹാൻ രാജകുമാരനും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് തുർക്കി ആലുശൈഖും കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുത്തു. ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ കൊറോണ വാക്‌സിൻ യജ്ഞത്തിന്റെ ഭാഗമായാണ് മൂവരും പ്രതിരോധ കുത്തിവെപ്പുകൾ എടുത്തത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതിരോധ കുത്തിവെപ്പ് എടുത്തത് വാക്‌സിൻ കുത്തിവെപ്പ് നടത്താൻ സ്വദേശി പൗരന്മാരെയും വിദേശികളെയും പ്രേരിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. ലോകത്ത് കൊറോണ വാക്‌സിൻ ആദ്യമായി ലഭ്യമാക്കിയ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. പ്രതിരോധ കുത്തിവെപ്പ് നടത്താൻ കിരീടാവകാശി മുന്നോട്ടുവന്നത് എല്ലാവർക്കും മാതൃകയാണ്. എല്ലാവരും പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യവും വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നുമാണ് ഇതിലൂടെ കിരീടാവകാശി വ്യക്തമാക്കുന്നത്. മഹാമാരി നേരിടാനും നിർമാർജനം ചെയ്യാനുമുള്ള ഏറ്റവും പ്രധാനവും ശക്തവുമായ ചുവടുവെപ്പാണ് പ്രതിരോധ കുത്തിവെപ്പ് എന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് നടത്തിയ തനിക്ക് ഒരുവിധ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നില്ലെന്ന് വാക്‌സിൻ സ്വീകരിച്ച് ആറു മണിക്കൂറിനു ശേഷം തുർക്കി ആലുശൈഖ് പറഞ്ഞു. കുത്തിവെച്ച സ്ഥലത്തു പോലും ഒന്നും അനുഭവപ്പെടുന്നില്ല. എല്ലാവരും എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് തുർക്കി ആലുശൈഖ് പറഞ്ഞു.
സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്ക് ഭരണാധികാരികൾ ഏറ്റവും വലിയ മുൻഗണനയാണ് കൽപിക്കുന്നത് എന്നതിന്റെ സ്ഥിരീകരണമാണ് കിരീടാവകാശി പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. വിവേകമതിയും നിപുണനും പരിചയസമ്പന്നനും വിശ്വസ്തനുമായ നേതാവാണ് കിരീടാവകാശി. കൊറോണ മഹാമാരി ആരംഭിച്ചതു മുതൽ പ്രതിസന്ധി ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം സ്വാധീനം ചെലുത്തിയതായും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു.
ഗർഭിണികളും മുലകുടി പ്രായത്തിലുള്ള കുട്ടികളുള്ളവരും നിലവിൽ കൊറോണ വാക്‌സിൻ സ്വീകരിക്കുന്നതിന് വിലക്കുള്ള വിഭാഗങ്ങളിൽ പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. തന്റെ സഹോദരി ഗർഭിണിയാണെന്ന് അറിയിച്ചും സഹോദരിക്ക് കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്താൻ പറ്റുമോയെന്ന് ആരാഞ്ഞും സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വാക്‌സിനിന്റെ സുരക്ഷിതത്വത്തെയും ഫലസിദ്ധിയെയും കുറിച്ച ജനങ്ങളുടെ ആശങ്കകളകറ്റാനും പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ വിജയിപ്പിക്കാനും ശ്രമിച്ച് ലോകമെങ്ങും നേതാക്കളും ഭരണാധികാരികളും പരസ്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല അൽസായിദ്, യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ അൽഉവൈസ്, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്, അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ നാൻസി പെലോസി, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അൽഖാലിദ് തുടങ്ങി നിരവധി ലോക നേതാക്കൾ ഇതിനകം കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.






