കണ്ണൂർ- കേരളത്തിൽ നടത്തിയ ഗവേഷണത്തിൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് തന്നെയാണോ ഇവരെ ബാധിച്ചതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സാമ്പിളുകൾ പൂനെയിലെ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
ബ്രിട്ടനിൽ കോവിഡ് വൈറസിൽ വ്യക്തമായ ജനിതകമാറ്റം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ കേരളത്തിലും ഉള്ളതെന്നറിയാൻ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഇതു നടക്കുന്നുണ്ട്. എത്രത്തോളമാണ് ഈ വൈറസിന്റെ വ്യാപനശേഷി എന്ന് വ്യക്തമല്ല. ഭയപ്പെട്ടതു പോലെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. മരണ നിരക്കും കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.






