Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിലെ തോൽവി: ലീഗ് നിയോഗിച്ച കമ്മീഷൻ  പരിശോധന ആരംഭിച്ചു

കണ്ണൂർ- തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമേഖലകളിലുണ്ടായ തിരിച്ചടികൾ സംബന്ധിച്ച് പഠിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വം നിയോഗിച്ച കമീഷനുകൾ പരിശോധന ആരംഭിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയാണ് പരിശോധന കൾക്കായി അഞ്ചു സമിതികളെ നിയോഗിച്ചത്. മുഴപ്പിലങ്ങാട്, പേരാവൂർ, തലശ്ശേരി, മാട്ടൂൽ, ചെങ്ങളായി    എന്നിവിടങ്ങളിൽ പാർട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ചാണ് പരിശോധന. ഈ പ്രദേശങ്ങളിൽ യു.ഡി.എഫ് വോട്ടുകൾ എസ്.ഡി.പി.ഐയിലേക്ക് പോയില്ലെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം.
മുസ്‌ലിം ലീഗിന് തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളിൽ വർദ്ധനവുണ്ടായെങ്കിലും സ്വാധീനമേഖലകളിൽ തിരിച്ചടികളുയായി. ഈ പ്രദേശങ്ങളിലാകട്ടെ എസ്.ഡി.പി.ഐയാണ് നേട്ടമുണ്ടാക്കിയത്. എന്നാൽ ഈ മേഖലകളിൽ സി.പി.എം പിൻതുണയോടെയാണ് എസ്.ഡി.പി.ഐ നേട്ടമുണ്ടാക്കിയതെന്നാണ് പ്രവർത്തക സമിതി വിലയിരുത്തുന്നത്.

സി.പി.എം വോട്ടുകളിൽ വന്ന കുറവാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള ഫലം ഈ കേന്ദ്രങ്ങളിൽ ഉണ്ടാക്കാനായില്ല. ഇതാണ് പരിശോധനാ വിഷയമാക്കുന്നത്. ലീഗിന്റെ വോട്ടുകളിൽ വലിയ കുറവു വന്നില്ലെങ്കിലും, ലീഗിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചു. യു.ഡി.എഫുമായി നീക്കുപോക്കില്ലാതിരുന്ന പ്രദേശങ്ങളിൽ എൽ.ഡി.എഫ്, വെൽഫെയർ പാർട്ടിയുമായി രഹസ്യമായി ധാരണയിലെത്തിയിരുന്നു. ഇത് പലയിടങ്ങളിലും യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായി. കണ്ണൂർ കോർപറേഷനിൽ വെൽഫെയർ പാർട്ടിയുമായി ധാരണയില്ലാതിരുന്നിട്ടും മികച്ച നേട്ടമുണ്ടാക്കാൻ ലീഗിന് കഴിഞ്ഞു. ഇരിട്ടി നഗരസഭയിൽ എസ്.ഡി.പി.ഐ മൂന്നു സീറ്റുകൾ നേടി. ഇത് സി.പി.എം പിൻതുണയോടെയാണെന്നാണ് വിലയിരുത്തുന്നത്. മുഴുപ്പിലങ്ങാട് പഞ്ചായത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അവിടെ എസ്.ഡി.പി.ഐ ആറ് സീറ്റുകൾ നേടുകയും ആര് ഭരിക്കണമെന്ന നിർണായക സ്ഥാനത്തെത്തുകയും ചെയ്തു. ഇവിടെ ലീഗ് നാല് പതിറ്റാണ്ടിലേറെ കാലമായി കൈവശം വെക്കുന്ന വാർഡുകൾ പോലും നഷ്ടമായി. മാട്ടൂലിലും കനത്ത തിരിച്ചടിയുണ്ടായി. പ്രതിപക്ഷമില്ലാതെ വർഷങ്ങളോളമായി ലീഗ് അടക്കി ഭരിച്ചിരുന്ന മാട്ടൂലിൽ എസ്.ഡി.പി.ഐക്ക് പുറമെ എൽ.ഡി.എഫ് സ്വതന്ത്രരും ഇക്കുറി വിജയം കൊയ്തു. സി.പി.എം, ചിലയിടങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പിൻതുണക്കുകയും, സി.പി.എം സ്വതന്ത്രർക്ക് തിരിച്ചു സഹായം വാങ്ങുകയും ചെയ്തുവെന്നാണ് വിലയിരുത്തുന്നത്.


മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.പി. താഹിർ, കെ.ടി. സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വൈസ് പ്രസിഡൻ് എസ്. മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി എന്നിവർ കൺവീനർമാരായ അന്വേഷണ സമിതികളാണ് പരിശോധന നടത്തുന്നത്. പ്രാദേശിക തലത്തിൽ പ്രവർത്തകരുമായും നേതാക്കളുമായും ആശയ വിനിമയം നടത്തുകയും പ്രാദേശിക പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ ഏതു വിധത്തിൽ പ്രതിഫലിച്ചുവെന്ന് വിലയിരുത്തുകയും ചെയ്യും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ട് വ്യതിയാനമടക്കം പരിശോധിക്കും. സമിതികൾ രണ്ടാഴ്ചകൾക്കകം ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് നൽകും.

Latest News