ഒരു വിശുദ്ധ കള്ളന്റെ കഥയുണ്ട് ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന സമാഹാരത്തിൽ. 'ഒരു മനുഷ്യൻ' എന്നാണ് ആ കഥയുടെ പേര്. ബഷീർ മലയാള സാഹിത്യത്തിലെ വർണ വ്യവസ്ഥകൾ തിരുത്തിക്കുറിച്ചത് പോലെ, അതു വരെയും മലയാള സാഹിത്യത്തിന് അപ്രാപ്യമായിരുന്ന ശബ്ദങ്ങൾ എന്ന നോവലിലെ സ്വവർഗാനുരാഗം പോലെ, പരിസ്ഥിതി വിഷയം മലയാളി ആത്മബോധത്തിന്റെ പൊങ്ങച്ച ശ്രേണിയിലേയ്ക്ക് കടന്നു വരും മുമ്പ് തന്നെ 'ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാർന്ന്' എന്ന നോവലിലൂടെ പാരിസ്ഥിതികാവബോധത്തെ പരിചയപ്പെടുത്തിയത് പോലെ ബഷീർ കണ്ടെടുത്ത അനേകം കഥാപാത്രങ്ങളിലൊന്നായിരുന്നു ലോകത്ത് സത്യവും നേരും ദയയും കാരുണ്യവും വറ്റിപ്പോയിട്ടില്ലെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുന്ന 'ഒരു മനുഷ്യൻ' എന്ന ഒരു കള്ളന്റെ കഥയും.
ശുദ്ധനായ ഒരു കള്ളന്റെ സത്യസന്ധമായ സാക്ഷ്യം പറച്ചിലിലൂടെ 28 വർഷങ്ങൾക്ക് ശേഷം ഉറങ്ങിപ്പോയെന്നു മനുഷ്യരും ലോകവും കരുതിപ്പോന്ന നീതിദേവത ദൈവത്തിന്റെ അദൃശ്യമായ കരസ്പർശമേറ്റതെന്ന പോലെ ഉയിർത്തെഴുനേറ്റിരിക്കുകയാണ് അടയ്ക്ക രാജുവെന്ന കള്ളനിലൂടെ.
സത്യത്തിന്റെയും നീതിയുടെയും അപ്പോസ്തലൻമാരും ദൈവത്തിന്റെ പാത പിൻതുടരുകയും സൻമാർഗവും കാരുണ്യവും പ്രചരിപ്പിക്കേണ്ടവരുമായവർ അനീതിയുടെയും അസാൻമാർഗികതയുടെയും കാവലാളാവുകയും ചെയ്തപ്പോൾ ദൈവഹിതമല്ലാത്ത പ്രവൃത്തിയിലൂടെ പാപം ചെയ്ത അടയ്ക്ക രാജുവെന്ന കള്ളന്റെ സത്യസന്ധമായ കുമ്പസാരം ദൈവമാർഗത്തിൽ തിരുവസ്ത്രമണിഞ്ഞ അഭയ എന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ കാരണമാകുമ്പോൾ സത്യസന്ധനായ ഒരു കള്ളന്റെ കഥ പറഞ്ഞ ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥയാണ് ഓർമ വരുന്നത്.
ബഷീറിന്റെ 'ഒരു മനുഷ്യനും' അടയ്ക്ക രാജുവിനും ഒരു മനുഷ്യന്റെ കഥ നടക്കുന്ന കേരളത്തിനു പുറത്തുളള വടക്കേ ഇന്ത്യൻ പ്രദേശത്തിനും അഭയ കേസ് നടക്കുന്ന കോട്ടയത്തെ ടെൻത് പയസ് കോൺവെന്റിനും തമ്മിൽ അഭേദ്യമായ സാദൃശ്യം ഉണ്ട്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഭീമൻ പർവതനിരകളുടെ താഴ്‌വാരത്തിലുള്ള വലിയ നഗരത്തിലാണ് ബഷീറിന്റെ കഥ നടക്കുന്നത്.
അടയ്ക്ക രാജുവെന്ന മഹത്വമുള്ള വലിയ മനുഷ്യന്റെ കഥ ആരംഭിക്കുന്ന അഭയ കേസ് നടക്കുന്നത് ആകാശത്തേക്ക് വളരാൻ കൈ നീട്ടുന്ന ഇടതൂർന്നു വളർന്നു നിൽക്കുന്ന വലിയ റബർ തോട്ടങ്ങളാൽ മൂടപ്പെട്ട ജനത്തിരക്കേറിയ കോട്ടയമെന്ന പട്ടണത്തിലും. നഗരത്തിലെ, പണ്ടുമുതലേ ദയ തൊട്ട് തീണ്ടിയില്ലാത്ത, കാരുണ്യത്തിനോ മനുഷ്യത്വത്തിനോ നീതിക്കോ യാതൊരു സാധ്യതയുമില്ലാത്ത ക്രൂരരും കവർച്ചക്കാരും പോക്കറ്റടിക്കാരും തിങ്ങിനിറഞ്ഞ ഒരു പ്രദേശത്തെ വൃത്തിയില്ലാത്ത ഇടുങ്ങിയ തെരുവിലെ ചായക്കടയിലാണ് ബഷീറിന്റെ ഒരു മനുഷ്യന്റെ പിറവി. അടയ്ക്ക രാജുവെന്ന മനുഷ്യന്റെ റിയൽ കഥ നടക്കുന്നതോ, എത്രയോ നൂറ്റാണ്ടുകളായി കരുണയുടെയും അലിവിന്റെയും മാനുഷികതയുടെയും പ്രചാരകരായ ദയാലുക്കളും സത്യസന്ധരും ധർമ്മാദി നീതിയിലധിഷ്ഠിതമായ വചന പ്രചാരകരുമായ സത്യവിശ്വാസികളും നിറഞ്ഞ, ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധമായ കാറ്റേൽക്കുന്ന പ്രവിശാലമായ അന്തരീക്ഷത്തിൽ, പരമകാരുണികനായ ദൈവത്തിന്റെ നിർമമായ സ്‌നേഹത്തിന്റെ സന്ദേശവാഹകരായി തൂവെള്ള വസ്ത്രമണിഞ്ഞ പുരോഹിത വർഗം നിറഞ്ഞ കോൺവെന്റുൾപ്പെടുന്ന പള്ളിമേടയങ്കണത്തിലും.
ബഷീറിന്റെ കഥയിലെ പർവത നിരകൾക്ക് താഴെ വസിക്കുന്നവർ ഗൗരവക്കാരായ പട്ടാളക്കാരും പലിശക്ക് പണം കടം കൊടുക്കുന്നവരുമാണങ്കിൽ അടയ്ക്കരാജു ചെന്നുപെട്ടയിടത്ത് വസിക്കുന്നത് ചുണ്ടിൽ പുഞ്ചിരി തൂകി ദൈവ വചനമുരുവിടുന്നവരും മനസ്സലിവുള്ളവരും നിസ്വാർത്ഥരും പരസ്പരസഹായികളുമായ സഭാ വിശ്വാസികളാണ്.
വൃത്തികെട്ട ഒരു തെരുവും വൃത്തിഹീനമായ പരിസരവുമാണ് ബഷീറിന്റെ കഥയിൽ. എന്നാൽ വളരെ വൃത്തിയും വെടിപ്പുമുള്ള അന്തസ്സും കുലീനതയുമുള്ള സ്ഥലമാണ് പയസ് കോൺവെന്റ്.
തുടർന്ന് നടക്കുന്ന കഥയിലെയും ജീവിതത്തിലെയും സംഭവ വികാസങ്ങൾ ഏതാണ്ട് സമാനമാണ്.
കഥയിലെ പോക്കറ്റടിക്കാരനായ കള്ളൻ ജീവിക്കുവാൻ വേണ്ടി ചെറിയ ചെറിയ കള്ളങ്ങളും മോഷണങ്ങളും തട്ടിപ്പുകളും നടത്തുന്നയാളാണ്. അതാണ് കഥയിൽ തെരുവിലെ ചെറിയ ചായക്കട തെരഞ്ഞെടുത്തത്. അടയ്ക്ക രാജുവും അങ്ങനെ തന്നെ. വലിയ കള്ളത്തരങ്ങളോ പിടിച്ചുപറിയോ വ്യാമോഹങ്ങളോ ഇല്ലാത്തയാളാണ്...
കഥയിലെ തെരുവിനും ചായക്കടയ്ക്കും പകരം ഇവിടെ വലിയ ബംഗ്ലാവും പള്ളിമേടയുമടങ്ങുന്ന കോൺവെന്റ് സമുച്ചയം. പിടിച്ചുപറിക്കാർക്കും പോക്കറ്റടിക്കാർക്കും പകരം സമ്പന്നരും സമൂഹത്തിലെ ഉന്നത കുലജാതരും.
മാന്യമായി വസ്ത്രം ധരിച്ച് ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച കഥാനായകൻ (ബഷീർ) കാശ് കൊടുക്കാനായി കീശ തപ്പി നോക്കിയപ്പോൾ പഴ്‌സ് കാണാനില്ല.. നമ്മുടെ കള്ളൻ കഥാപാത്രം അത് പോക്കറ്റടിച്ചിരിക്കുന്നു!
നിഷ്ഠുരനും ദയാരഹിതനുമായ ഹോട്ടൽ മുതലാളി യാത്രികന്റെ നിരപരാധിത്വവും നിസ്സഹായതയും ചെവിക്കൊണ്ടില്ല. ഒടുവിൽ കോട്ടും പാന്റുമൂരിയെടുപ്പിച്ച് അപമാനിതനായി നഗ്‌നനാക്കപ്പെടുന്നത് വരെ കാര്യങ്ങൾ എത്തിയപ്പോൾ കള്ളൻ പ്രത്യക്ഷപ്പെട്ട് അയാളുടെ പഴ്‌സ് തിരിച്ചു നൽകി സത്യസന്ധനാകുന്നിടത്ത് കഥ അവസാനിക്കുന്നു.
ബഷീർ, തന്റെ കഥയിൽ കള്ളനാണെങ്കിലും അവന്റെയുള്ളിലെ ഒരു മനുഷ്യന്റെ നന്മയും സത്യസന്ധതയും ഉയർത്തിക്കാട്ടുന്നു. വിശുദ്ധനായ ഒരു കള്ളന്റെ കഥയിലൂടെ കൊലപാതകികളും ഗുണ്ടകളും ക്രൂരരും പരുക്കരുമായ മനുഷ്യർ താമസിക്കുന്ന തെരുവിൽ പോലും നൻമയും കരുണയും മനുഷ്യത്വവും ബാക്കിനിൽപുണ്ട് എന്ന സന്ദേശമാണ് ബഷീർ നൽകുന്നത്. അടയ്ക്ക രാജുവെന്ന കള്ളൻ കയറിയ ഇടം മുഴുവൻ ദൈവത്തിന്റെ വിശുദ്ധ സ്മരണകളാൽ പൂജിതമായവയാണ്. അവിടെയുള്ളവരോ ദൈവത്തിന്റെ സത്യവും നീതിയും ധർമവും കാരുണ്യവും മാതൃകയാക്കേണ്ട സന്ദേശവാഹകരും. ഒരു കള്ളന് തെമ്മാടികളും ഗുണ്ടകളും കൊലപാതകികളും നിറഞ്ഞ തെരുവിൽ പോലും നിരപരാധിയായ ഒരു മനുഷ്യൻ കുറ്റവാളിയാകാനോ അപമാനിക്കപ്പെടാനോ പാടില്ലെന്ന ബോധ്യമുണ്ടായപ്പോഴും ശാന്തിമന്ത്രങ്ങൾ മുഴങ്ങുകയും വിശുദ്ധമായ സഹനത്തിന്റെ മുൾക്കിരീടമണിഞ്ഞ ചോരവാർന്നു വീണ മുഖം എന്നും ഓർമപ്പെടുത്തുന്ന പള്ളിയങ്കണത്തിൽ, ദയാലുക്കളും കാരുണ്യ വാഹകരുമാകേണ്ട ദൈവത്തിന്റെ തിരുവസ്ത്രമണിഞ്ഞവരാൽ തന്നെ സിസ്റ്റർ അഭയ എന്ന കർത്താവിന്റെ മണവാട്ടി ക്രൂശിക്കപ്പെടുകയും ഒടുവിൽ ദയാരഹിതമായി കൊല്ലപ്പെടുകയും ചെയ്തു. ആര് ആരാൽ സംരക്ഷിക്കപ്പെടുകയോ ഒപ്പം ചേർന്ന് നിൽക്കുകയോ ചെയ്യണോ അവരാൽ തന്നെ വഞ്ചിതരാവുകയും ഒറ്റപ്പെടുകയും ചെയ്യുന്നു.
'ഒരു മനുഷ്യൻ' എന്ന കഥയിലെ കള്ളൻ, അപമാനിക്കപ്പെടുന്നവന് വേണ്ടി സാക്ഷ്യം പറഞ്ഞത് പോലെ നീതിക്കും ധർമത്തിനും ന്യായത്തിനും കാവലാളാകേണ്ടവർ തന്നെ അത് വിസ്മരിച്ചപ്പോൾ സിസ്റ്റർ അഭയ കേസിലെ വിശുദ്ധ കള്ളനും സത്യത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞു. ഒരു വിശുദ്ധ കള്ളന്റെ സത്യസന്ധമായ സാക്ഷ്യം പറച്ചിൽ...
ഗാഗുൽത്താമലയുടെ നെറുകയിൽ കുറ്റവാളിയാക്കപ്പെട്ട് കുരിശിൽ തറഞ്ഞ്, സഹനത്തിന്റെ ആ മുഖം ചോര വാർന്ന് കിടന്ന് തൂങ്ങുമ്പോൾ ഇടത്തും വലത്തും രണ്ട് കള്ളൻമാർ കൂടിയുണ്ടായിരുന്നു..
അടയ്ക്ക രാജുവിനെ ലോകം കുറ്റവിമുക്തനാക്കി വിശുദ്ധനായി പ്രഖ്യാപിക്കുമ്പോഴും ഇരുവശത്തും രണ്ടു കുറ്റവാളികളുണ്ടായിരുന്നു..
(തിരുവസ്ത്രമണിഞ്ഞ കുറ്റവാളികൾ..)
കഥ തീരുമ്പോൾ ബഷീറിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്.
'ആരാണ് നിങ്ങൾ..എന്താ നിങ്ങളുടെ പേര്?
'ഞാനോ...? ഞാൻ ആരുമായിക്കൊള്ളട്ടെ..
''എനിക്ക് പേരില്ല...'
'പേരില്ലേ..! എങ്കിൽ ദയവ് എന്നായിരിക്കും പേര്..
സിസ്റ്റർ അഭയയ്ക്ക് വിശുദ്ധനായ ഒരു കള്ളന്റെ സാക്ഷ്യത്തിലൂടെ നീതി ലഭിക്കുമ്പോൾ അടയ്ക്ക രാജുവെന്ന ചെറിയ വലിയ മനുഷ്യനോട് ഏവരും ചോദിക്കുന്നു..
'സത്യത്തിൽ ആരാണ് നിങ്ങൾ..?'
''ഓ.. ഞാനോ..? ഞാൻ ചെറിയൊരു മനുഷ്യൻ മാത്രം.. അടയ്ക്കയോളം വലിപ്പമുള്ള ചെറിയ ചെറിയ കള്ളത്തരങ്ങൾ കാണിച്ചിരുന്ന ഒരു ചെറിയ മനുഷ്യൻ..'
അടയ്ക്ക രാജു, നിങ്ങളല്ലേ സത്യത്തിൽ വലിയ മനുഷ്യൻ!