ന്യൂദല്‍ഹി- ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പരിഹാസ മറുപടിയുമായി പ്രധാനമന്ത്രി മോഡി. 'ദല്‍ഹിയില്‍ എപ്പോഴും എന്നെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. അവര്‍ക്ക് എന്നെ ജനാധിപത്യ പാഠങ്ങള്‍ പഠിപ്പിക്കണം. ജമ്മുകശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമായി ഞാന്‍ അവര്‍ക്ക് കാണിക്കുന്നു,' പ്രധാനമന്ത്രി മോഡി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു വേണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില രാഷ്ട്രീയ ശക്തികള്‍ ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ്. അവരുടെ പൊള്ളത്തരം കാണണം. പുതുച്ചേരി ഭരിക്കുന്ന പാര്‍ട്ടി സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. എന്നാല്‍ ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി ഒരു വര്‍ഷത്തിനകം തന്നെ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് നടത്തി- മോഡി പറഞ്ഞു.
കര്‍ഷക സമരത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിക്കുന്നതിനിടെയാണ് രാഹുല്‍ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ക്കെല്ലാം, അത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയാലും, തീവ്രവാദി മുദ്രചാര്‍ത്തമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.