മതംമാറ്റം തടയല്‍ നിയമം മധ്യപ്രദേശിലും; ശിക്ഷ 10 വര്‍ഷം വരെ തടവ്

ഭോപാല്‍- 'ലവ് ജിഹാദ്' തടയാനെന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന മതപരിവര്‍ത്തന നിയമം മധ്യപ്രദേശിലും നടപ്പിലാക്കുന്നു. മതസ്വാതന്ത്ര്യ ബില്‍ 2020 എന്ന പേരില്‍ അവതരിപ്പിച്ച കരടു നിയമം മന്ത്രിസഭ ശബ്ദവോട്ടോടെ പാസാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയാനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതു നിയമമായി മാറുന്നതോടെ നിര്‍ബന്ധിത മതംമാറ്റങ്ങള്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും പരമാവധി ശിക്ഷയുള്ള കുറ്റമായി മാറും. നിരപരാധിയെന്ന് തെളിയേക്കണ്ട ബാധ്യത പൂര്‍ണമായും കുറ്റാരോപിതരുടെ തലയിലുമാകും.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായിരുന്നു മന്ത്രിസഭാ യോഗം. 

പുതിയ ബില്‍ അനുസരിച്ച് നിര്‍ബന്ധിത മതംമാറ്റം അടിച്ചേല്‍പ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പട്ടിക വിഭാഗങ്ങളിലുള്ളവരെ മതംമാറ്റിയാല്‍ രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രുപ പിഴയുമാണ് ശിക്ഷ- ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 

മതംമാറ്റം ആഗ്രഹിക്കുന്നവര്‍ പുതിയ നിയമപ്രകാരം രണ്ടു മാസം മുമ്പ് അധികാരികളെ അറിയിക്കണം. ഇല്ലെങ്കില്‍ വിവാഹം അസാധുവാക്കുന്നതാണ് പുതിയ നിയമം. ഈ നിയമം നടപ്പിലാക്കുന്നതോടെ വിവാഹത്തിലൂടെയും മറ്റും ആരേയും പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Latest News