കണ്ണൂർ - കൊട്ടിയൂരിൽ സി.പി.എം -ബി.ജെ.പി സംഘർഷത്തിൽ നാല് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പിയുടെ ടൗണിലെ ഓഫീസടക്കം തകർത്തു.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൊട്ടിയൂർ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), ഡി.വൈ.എഫ്.ഐ പാലുകാച്ചി യൂനിറ്റ് സെക്രട്ടറി പുതനപ്ര അമൽ (23), നെല്ലോളി ഹൗസിൽ അശ്വിൻ (27), മനയ്ക്കാട് വളപ്പിൽ വിഷ്ണു (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പോരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണീ അക്രമം. പാലുകാച്ചിയിൽ ഡി.വൈ.എഫ്.ഐയുടെ പതാക പതിവായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ഇരുവിഭാഗവും തമ്മിൽ വാക് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ സന്ധ്യക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായി എത്തി വീണ്ടും പതാക ഉയർത്തി. പിരിഞ്ഞു പോവുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് ബി.ജെ.പി പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിക്കുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിലാണ് നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റത്.
പിന്നീട് രാത്രി വൈകിയാണ് കൊട്ടിയൂർ ടൗണിലെ ബി.ജെ.പി ഓഫീസിനും കൊട്ടിയൂർ ക്ഷേത്രത്തിനടുത്ത തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിനും നേരെ ആക്രമണമുണ്ടായത്. കെട്ടിടത്തിനും ഓഫീസിനും നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടിയൂർ മേഖലയിൽ വ്യാപക അക്രമങ്ങൾ അഴിച്ചുവിട്ട സി.പി.എം ഇപ്പോൾ കള്ള പ്രചാരണം നടത്തുകയാണെന്ന് യുവമോർച്ച ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ബി.ജെ.പി വൻ വിജയം നേടിയതും, സി.പി.എമ്മിൽനിന്നും നിരവധി പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു പ്രവർത്തിക്കുന്നതുമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഡി.വൈ.എഫ്.ഐ നേതാവ് ജോയൽ ജോബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എത്തിയ സായുധസംഘം വ്യാപക അക്രമം നടത്തുകയും ബി.ജെ.പി ഓഫീസ് തകർക്കുകയുമായിരുന്നു. അക്രമത്തിൽ പരിക്കേറ്റ ദീപക്, അഭിജിത് സണ്ണി, അഭിൻ ഭരത്, അശ്വതി സന്ദീപ് എന്നിവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവം മറച്ചുവെച്ചാണ് ബി.ജെ.പി ആക്രമണമെന്ന് കള്ള പ്രചാരണം നടത്തുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയൽ ജോബാണ് ആക്രമണത്തിന് നേതൃത്വം നൽകിവരുന്നത്. അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണമെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.