Sorry, you need to enable JavaScript to visit this website.

കാഞ്ഞിരത്തിൽ കുടുംബത്തിന് പകരം ഭൂമി വേണ്ട, സെന്റിന് രണ്ടര ലക്ഷം വേണം

കാഞ്ഞിരത്തിനാൽ കുടുംബാംഗം ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തലിൽ. (ഫയൽ). 

കൽപറ്റ- കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനു ഭരണതലത്തിൽ നീക്കം സജീവം. മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വയനാട്ടിലെത്താനിരിക്കെയാണ് പ്രശ്‌നപരിഹാരത്തിനു ശ്രമം. കാഞ്ഞിരങ്ങാട് വില്ലേജിൽ വനംവകുപ്പ് പിടിച്ചെടുത്ത 12 ഏക്കർ കൃഷിഭൂമിക്കു തുല്യ അളവിൽ പകരം സ്ഥലം എന്ന നിർദേശം കുടുംബം വീണ്ടും നിരാകരിച്ച സാഹചര്യത്തിൽ കമ്പോളവില നൽകി പ്രശ്‌നം അവസാനിപ്പിക്കാനാണ് സർക്കാർ പദ്ധതിയെന്നാണ് സൂചന. സെന്റിനു രണ്ടര ലക്ഷം രൂപയാണ് കാഞ്ഞിരത്തിനാൽ കുടുംബം  ചോദിക്കുന്ന കമ്പോളവില. 
വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടു 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബാംഗം ജയിംസ് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല വിളിപ്പിച്ചതനുസരിച്ചു ബുധനാഴ്ച അവരുടെ ഓഫീസിലെത്തിയിരുന്നു. 


കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമി വിട്ടുകൊടുക്കുന്നതിനു നിയമതടസ്സം ഉണ്ടെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശമെന്നും പകരം ഭൂമി സ്വീകരിച്ചു സമരം അവസാനിപ്പിക്കണമെന്നും ജയിംസിനോടു കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഭാവിയിൽ നിയമപ്രശ്‌നങ്ങൾക്കു കാരണമായേക്കുമെന്നതിനാൽ പകരം ഭൂമി വേണ്ടെന്നും കമ്പോളവില അനുവദിച്ചാൽ സ്വീകരിക്കുമെന്നുമായിരുന്നു ജയിംസിന്റെ പ്രതികരണം. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമനുസരിച്ചു കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു വിട്ടുകൊടുത്തിരുന്നു. ഈ നടപടി തൃശൂർ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയുടെ ഹരജിയിൽ ഹൈക്കോടതി തടയുകയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു പകരം ഭൂമി സ്വീകരിക്കുന്നതു ഉചിതമാകില്ലെന്ന ജയിംസിന്റെ വാദം. പകരം ഭൂമി വേണ്ടെന്ന നിലപാടിൽ ജയിംസ് ഉറച്ചുനിന്നപ്പോൾ പ്രതീക്ഷിക്കുന്ന  കമ്പോളവില എത്രയാണെന്നു അറിയിക്കാൻ കലക്ടർ നിർദേശിച്ചു. ഇതനുസരിച്ചു ജയിംസ് വ്യാഴാഴ്ച നൽകിയ കത്തിലാണ് സെന്റിനു രണ്ടര ലക്ഷം രൂപ കമ്പോളവില ആവശ്യപ്പെട്ടത്. ഗതാഗത, ജലസേചന സൗകര്യമുള്ള ഭൂമിയായതിനാലാണ് സെന്റിനു ഇത്രയും രൂപ കമ്പോളവില ചോദിക്കുന്നതെന്നു കത്തിൽ വിശദീകരിക്കുന്നുണ്ട്.


കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നമ്പർ 238/1ലാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി. കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരൻമാർക്കു  ജൻമാവകാശം ഉണ്ടായിരുന്ന സ്ഥലം അടിയന്തരാവസ്ഥക്കാലത്താണ് വനം വകുപ്പ് പിടിച്ചെടുത്തത്. കാപ്പിയും കുരുമുളകും അടക്കം കൃഷികൾ ഉണ്ടായിരുന്ന സ്ഥലം 2013ൽ വനഭൂമിയായി വിജ്ഞാപനം ചെയ്യുകയുമുണ്ടായി.കാഞ്ഞിരത്തിനാൽ ജോർജിന്റെ മരണശേഷമായിരുന്നു ഇത്. 


ഭൂമി തിരികെ കിട്ടുന്നതിനു നടത്തിയ വ്യവഹാരങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജയിംസ് കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.ഫെബ്രുവരി മൂന്നിനു സമരം 2,000 ദിവസം തികയും. കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വനം വകുപ്പ് പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നു സർക്കാർ നിർദേശാനുസരണം നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു. ഹരിതസേന ചെയർമാൻ വി.ടി.പ്രദീപ്കുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് എന്നിവരുടെ ഹരജിയിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ടതാണെന്നു കണ്ടെത്തുകയുണ്ടായി.


2020 ഫെബ്രുവരി 10നു മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തുല്യ അളവിൽ പകരം ഭൂമി നൽകി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിപ്രശ്‌നം അവസാനിപ്പിക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നു.ഇതേത്തുടർന്നു കലക്ടർ ആരാഞ്ഞപ്പോൾ 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയും വനം വകുപ്പ് 2013ൽ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്തു ഭൂമി തിരികെ തരണമെന്നാണ്  കാഞ്ഞിരത്തിനാൽ കുടുംബം ആവശ്യപ്പെട്ടത്. ഭൂമിക്കു പകരം കമ്പോളവില ലഭ്യമാക്കിയാൽ സ്വീകരിക്കുമെന്നും അറിയിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി കലക്ടർ ഏപ്രിൽ ആറിനു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നു സർക്കാർ നിർദേശിച്ചതനുസരിച്ചു വസ്തുവിന്റെ കമ്പോളവില കണക്കാക്കുന്നതിനു  മാനന്തവാടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ കലക്ടർ ചുമതലപ്പെടുത്തി. 


സെന്റിനു 3,217 രൂപയാണ് 2013ലെ എൽ.എ.ആർ.ആർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തഹസിൽദാർ കമ്പോളവില കണക്കാക്കിയത്. ആദിവാസി പുരനധിവാസത്തിനും മറ്റുമായി  ഗ്രാമപ്രദേശങ്ങളിൽ ഏക്കറിനു 70 ലക്ഷം രൂപ വരെ  വിലയിൽ സ്വകാര്യഭൂമി സർക്കാർ വിലയ്ക്കുവാങ്ങുന്നതിനിടെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിക്കു തുച്ഛമായ കമ്പോളവില കണക്കാക്കിയതു ജനങ്ങൾക്കിടയിൽ ചർച്ചയായിരുന്നു.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയിലെ മരങ്ങളുടെ വിലനിർണയം നടന്നിട്ടില്ല.


മരങ്ങളുടെ വില കണക്കാക്കാൻ വടക്കേവയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയാണ് കലക്ടർ ചുമതലപ്പെടുത്തിയത്. എന്നാൽ സർക്കാർ പ്രത്യേകം ഉത്തരവിറക്കിയാൽ മാത്രം മരങ്ങളുടെ വില കണക്കാക്കിയാൽ മതിയെന്നാണ് ഡി.എഫ്.ഒയ്ക്കു ഒലവക്കോട് കസ്റ്റോഡിയൻ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ നൽകിയ നിർദേശം.വനമായി വിജ്ഞാപനം ചെയ്ത ഭൂമിക്കു കാഞ്ഞിരത്തിനാൽ കുടുംബത്തിനു മാത്രമായി കമ്പോളവില നൽകുന്നത് സമാനസ്വഭാവമുള്ള മറ്റു കേസുകളിലും ബാധകമാകുമെന്നും ഇതു സർക്കാരിനു കനത്ത സാമ്പത്തിക ബാധ്യതയ്ക്കു ഇടയാക്കുമെന്നും വനം അധികൃതർ കലക്ടറെ അറിയിച്ചു. 
ഭൂമിക്കു തഹസിൽദാർ നിർണയിച്ച കമ്പോളവില, മരവില കണക്കാക്കുന്നതിനു പ്രത്യേകം ഉത്തരവ് വേണമെന്ന വനം അധികാരികളുടെ നിലപാട് എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട്  സമർപ്പിച്ചു മാസങ്ങൾക്കു ശേഷമാണ് പ്രശ്‌ന പരിഹാരത്തിനു പുതിയ നീക്കം.

Latest News