Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജുവിന് ഇത് സാഫല്യത്തിന്റെ ക്രിസ്മസ്‌

കോട്ടയം - രാജുവിന് ഇത് സാഫല്യത്തിന്റെ ക്രിസ്മസ്. വ്യതിചലിക്കാത്ത നീതി ബോധം കുറ്റവാളിക്ക് ശിക്ഷ വാങ്ങുന്നതിലെത്തിയതിലുളള ചാരിതാർഥ്യമാണ് രാജുവിന്. മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തിനൊപ്പം രാജു കേക്കിന്റെ മധുരം പങ്കിടുമ്പോൾ മനസു നിറയെ സന്തോഷം. നിലകൊണ്ട ലക്ഷ്യം സാധിച്ചതിലുളള ആഹ്ലാദം.  രാജുവിനെ ഇന്നു കേരളം അറിയും. സിസ്റ്റർ അഭയ കേസിൽ 28 വർഷത്തിന് ശേഷം വന്ന വിധിയുടെ പിന്നിലെ കരുത്തുറ്റമൊഴി  രാജുവിന്റെയായിരുന്നു.  കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സിബിഐ കോടതി കണ്ടെത്തി. ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. മോഷണത്തിനായി കോൺവെന്റിൽ  കയറിയ താൻ പ്രതികളെ നേരിട്ട് കണ്ടെന്ന പ്രധാന സാക്ഷിയായ രാജുവിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഇത്ര വർഷം കഴിഞ്ഞിട്ടും കേസിൽ മൊഴി മാറ്റാൻ വാഗ്ദാനങ്ങൾ ഒഴുകിയിട്ടും തന്റെ മൊഴിയിൽ ഉറച്ചുനിന്ന  രാജു സോഷ്യൽ മീഡിയയിലെ താരമാണ്. 

സംക്രാന്തി നീലിമംഗലം പേരൂർ റോഡിലാണ് അടയ്ക്കാ രാജുവിന്റെ വസതി. 28 വർഷം മുമ്പ് അഭയ കേസ് സംഭവിച്ച ദിവസം പയസ് ടെൻത് കോൺവെന്റിൽ ചെമ്പുകമ്പി മോഷണത്തിനായാണ് രാജു കയറിയത്. അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നേരിൽ കാണുന്നതിന് ഇടയായത് അപ്പോഴാണ്. ദൈവമാണ് തന്നെ അവിടെ എത്തിച്ചതെന്നാണ് രാജു വിശ്വസിക്കുന്നത്. സിബിഐയാണ്  രാജുവിനെ സാക്ഷിയാക്കിയത്. കേസിൽ മറ്റെല്ലാ സാക്ഷികളും കൂറുമാറിയപ്പോഴും രാജു പിന്മാറിയില്ല. അതിനു കാരണം രാജു പറയുന്നു.  സിസ്റ്റർ അഭയയുടെ അതേ പ്രായമുളള മകളുണ്ട് തനിക്ക്. അതുകൊണ്ടു തന്നെ തന്റെ കുട്ടിക്ക് കിട്ടിയ നീതിയെന്നാണ് രാജു പറയുന്നത്. 

ക്രിസ്മസ് ദിനത്തിൽ രാജുവിന്റെ വസതിയിൽ ആഘോഷമായിരുന്നു. മക്കളെല്ലാം എല്ലാം എത്തി. കേക്കുമുറിച്ചു. അതിനിടെ സിസ്റ്റർ അഭയ വധക്കേസിലെ സാക്ഷി  രാജുവിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സഹായ അഭ്യർത്ഥന പ്രവഹിക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാമായാണ് സഹായ അഭ്യർത്ഥന പ്രചരിക്കുന്നത്. കോട്ടയം സംക്രാന്തി കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും,  രാജുവിന്റെ ഫോട്ടോയും സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്. കേസ് കോടതിയിൽ തെളിയാൻ പ്രധാന ഘടകമായത് രാജുവിന്റെ ദൃക്‌സാക്ഷിത്വമാണ് എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രചാരണം. 

പണത്തിന്റെ പ്രലോഭനത്തിൽ വീഴാത്ത ഈ മനുഷ്യന് പാരിതോഷികം നൽകണമെന്നാണ് അഭ്യർഥന. വർഷങ്ങൾക്ക് മുമ്പ് രാജു എന്ന വ്യക്തി തുടങ്ങിയ അക്കൗണ്ടിലെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യർഥനയിൽ ഉള്ളത്. 

 

Latest News