Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീര്‍-സ്മൃതി ഇറാനി 

ലഖ്‌നൗ- കര്‍ഷക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
'രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. എന്നിട്ടവരെ തെറ്റിദ്ധരിപ്പിക്കുന്നു. അയാളുടെ സഹോദരി ഭര്‍ത്താവ് തന്നെ കര്‍ഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്', സ്മൃതി ഇറാനി ആരോപിച്ചു.
കേന്ദ്രത്തിന്റെ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
രാഹല്‍ ഗാന്ധി കര്‍ഷകരോട് ഇപ്പോള്‍ സഹതാപം കാണിക്കുകയാണെന്നും കര്‍ഷകരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരാണിവരെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഞാനീ മണ്ഡലത്തില്‍ ജയിക്കുന്നതിന് മുമ്പ് ഇവിടെ നടന്നിരുന്ന വികസനമെന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ കുടുംബം അറിഞ്ഞുകൊണ്ടാണ് അമേഠിയെയും അവിടുത്തെ കര്‍ഷകരെയും വികസനത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. അവര്‍ കര്‍ഷകരെ വഴിതെറ്റിച്ചു. ദല്‍ഹിയില്‍ കാഞ്ചനകൊട്ടാരത്തിലിരുന്നു കൊണ്ട് അവര്‍ അധികാരത്തിന്റെ മധുരം നുണഞ്ഞു', സ്മൃതി ഇറാനി ആരോപിച്ചു.
കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുല്‍ എന്നാണ് സ്മൃതിയുടെ വിമര്‍ശനം. അമേഠിയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്മൃതിയെത്തിയത്.'പച്ചക്കള്ളമാണ് രാഹുല്‍ കര്‍ഷകരോട് പറയുന്നത്. ഇല്ലാത്തത് പറഞ്ഞ് അവരെ വഴിതെറ്റിക്കുകയാണ് അയാള്‍. പിന്തുണ കിട്ടാന്‍ വേണ്ടി മുതലക്കണ്ണീരും പൊഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് രാഹുലിന്റെ സഹോദരിയുടെ ഭര്‍ത്താവ്. അതേപ്പറ്റി ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല' സ്മൃതി ഇറാനി പറഞ്ഞു.നേരത്തെ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യു.പിയിലെ ഭാഗ്പട്ടിലെ കര്‍ഷക സംഘടനകള്‍ കര്‍ഷക നിയമത്തിന് അനുകൂലമായി മന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.


 

Latest News