കോഴിക്കോട്- കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനെ സംഘടനയില്‍നിന്ന് പുറത്താക്കി. മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദിനെ പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തിച്ചു. കേസില്‍ പ്രതികളായ ഹസന്‍, ഹാഷിര്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലൂരാവിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നു.