Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഡി.പി.ഐക്ക് വോട്ടും സീറ്റും കൂടി; കണ്ണൂരില്‍ വിവാദം മുറുകി

കണ്ണൂർ - തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എസ്.ഡി.പി.ഐക് വോട്ടും സീറ്റും വർദ്ധിച്ചതിനെ ചൊല്ലി സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള പോരു മുറുകുന്നു.
 
ഇടതു വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് അനുകൂലമായി മറിഞ്ഞതെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്തെത്തി. കോൺഗ്രസ് വോട്ടുകളാണ് എല്ലായിടത്തും എസ്.ഡി.പി.ഐയെ വിജയിപ്പിച്ചതെന്നാണ് സി.പി.എം ആ രോപണം.
 
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ രണ്ട് സീറ്റുകൾ മാത്രം ലഭിച്ചിരുന്ന എസ്.ഡി.പി.ഐക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 സീറ്റുകളാണ് ലഭിച്ചത്. മാത്രമല്ല, മുഴുപ്പിലങ്ങാട് പഞ്ചായത്തിലടക്കം ആര് ഭരണം നടത്തണമെന്ന് നിശ്ചയിക്കുന്നതു വരെയുള്ള നിർണായക ശക്തിയായി അവർ മാറുകയും ചെയ്തു.
 
ഇരിട്ടി മുൻസിപ്പാലിറ്റി, മാട്ടൂൽ, പാപ്പിനിശ്ശേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടിയത്. ഇരിട്ടി മുൻസിപ്പാലിറ്റിയിലെ നരയൻപാറ, കൂരൻ മുക്ക്, നടുവ നാട്, മാട്ടൂൽ പഞ്ചായത്തിലെ സൗത്ത് ചാൽ, സൗത്ത് മുനമ്പ്, മാട്ടൂൽ നേർത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ അറത്തിൽ, ബാപ്പിക്കൻതോട്, മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പച്ചക്കര, മലക്ക് താഴെ വാർഡുകളിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്. നേരത്തേ യു.ഡി.എഫ് തുടർച്ചയായി വിജയിച്ചു വന്ന വാർഡുകളാണിവ.
 
യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിനായി എൽ.ഡി.എഫ്, എസ്.ഡി.പി.ഐയ്ക്ക് അനുകൂലമായി വോട്ടു ചെയ്തുവെന്നാണ് ആരോപണം.
ഇരിട്ടി മുൻസിപ്പാലിറ്റിയിലെ നരയൻപാറ വാർഡിൽ എസ്.ഡി.പി.ഐക്ക് 467 വോട്ടും, യു.ഡി.എഫിന് 413 വോട്ടും, എൽ.ഡി.എഫിന് 57 വോട്ടുകളുമാണ് ലഭിച്ചത്. കൂരൻ മുക്കിൽ എസ്.ഡി.പി.ഐക്ക് 466 വോട്ടും, യു.ഡി.എഫിന് 407 വോട്ടും, എൽ.ഡി.എഫിന് 244 വോട്ടും ലഭിച്ചു. നടു വ നാട് എസ്.ഡി.പി.ഐയ്ക്ക് 537 വോട്ടും യു.ഡി.എഫിന് 458 വോട്ടും, എൽ.ഡി.എഫിന് 104 വോട്ടും ലഭിച്ചു.
 
മാട്ടുൽപഞ്ചായത്തിലെ സൗത്ത് ചാലിൽ യഥാക്രമം 353, 307, 253 വോട്ടുകളും, സൗത്ത് മുനമ്പിൽ 784, 682, 14 വോട്ടുകളും, നോർത്തിൽ 534,429, 91 വോട്ടുകളുമാണ് ലഭിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ അറത്തിൽ വാർഡിൽ 533,423, 204 വോട്ടുകളും, ബാപ്പിക്കൻതോടിൽ 542, 461, 186 വോട്ടുകളും ലഭിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ 651, 583, 76 വോട്ടുകളാണ് ലഭിച്ചത്. ഭരണത്തിൽ നിർണായക ശക്തിയായ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പച്ചക്കരയിൽ 636, 585, 178 വോട്ടുകളും മലക്ക് താഴെയിൽ 355,298, 211 വോട്ടുകളുമാണ് ലഭിച്ചത്.
 
എല്ലാ വാർഡുകളിലും എൽ.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഈ വോട്ടുകൾ എസ്.ഡി.പി.ഐക്ക് അനുകൂലമായി ലഭിച്ചുവെന്നുമാണ് കോൺഗ്രസ് ആക്ഷേപം. മുഴപ്പിലങ്ങാട്ടെ മലക്ക് താഴെ വാർഡിൽ യു.ഡി.എഫ് വിജയിക്കാതിരിക്കാൻ എൽ.ഡി.എഫിലെ പ്രമുഖ സ്ഥാനാർഥിയുടെ വോട്ടു പോലും മറിച്ചുവെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു.
 
എന്നാൽ എസ്.ഡി.പി.ഐയുടെ സീറ്റ് നേട്ടത്തിന് പിന്നിൽ യു.ഡി.എഫിൻ്റെ വോട്ടു ചോർച്ചയാണ് കാരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറയുന്നു. യു.ഡി.എഫ്, ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും, എസ്.ഡി.പി.ഐയുമായി രഹസ്യ ബന്ധവുമാണ് ഉണ്ടാക്കിയത്.
 
ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള രഹസ്യ ബന്ധത്തിൻ്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടതോടെയാണ് പുതിയ ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തു വരാൻ കാരണം.  ഇരിട്ടി നഗരസഭയിൽ എസ്.ഡി.പി.ഐ വിജയിച്ച സ്ഥലങ്ങളിലെല്ലാം യു.ഡി.എഫിന് വോട്ടുചോർച്ച ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫ് വോട്ടുകൾ തങ്ങൾക്ക് തന്നെ ലഭിച്ചിട്ടുണ്ട്. മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ വോട്ടുകൾ യു.ഡി.എഫ് മറിച്ചത് അറിയാൻ അവിടെ വാർഡുകളിൽ ബ്ലോക് പഞ്ചായത്തിൽ യു.ഡി.എഫിന് കിട്ടിയ വോട്ടു നോക്കിയാൽ മതിയെന്നും ജയരാജൻ പറയുന്നു.
 
എന്നാൽ, സി.പി.എമ്മിനേയോ, ബി.ജെ.പി യേയോ എസ്.ഡി.പി.ഐ യേയോ പോലെ ഒരു കേഡർ പാർട്ടിയല്ല കോൺഗ്രസ് എന്നതിനാൽ തങ്ങൾ വിചാരിച്ചാൽ പോലും ആർക്കും വോട്ടു മറിക്കാൻ സാധിക്കില്ലെന്നും അക്കാര്യത്തിൽ തങ്ങൾ അശക്തരാണെന്നും, സംസാരിക്കുന്ന കണക്കുകൾ മുന്നിൽ നിൽക്കുമ്പോൾ പോലും പുകമറ സൃഷ്ടിച്ച് വോട്ടുകച്ചവടം മറയ്ക്കാനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.

Latest News