കൊൽക്കത്ത- ബി.ജെ.പിയിൽ ചേരാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് സുവേന്ദു അധികാരി. തന്റെ ജന്മനാടായ കാന്തിയിൽ നടത്തിയ റാലിയിലാണ് സുവേന്ദു അധികാരി പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ച ശേഷം മാത്രമേ തനിക്ക് വിശ്രമമുള്ളൂവെന്നും സുവേന്ദ്രു അധികാരി വ്യക്തമാക്കി. അഞ്ചു കിലോമീറ്റർ ദൂരം റോഡ്‌ഷോ പിന്നിടാൻ മൂന്നു മണിക്കൂറിലേറെ എടുത്തിരുന്നു. അടുത്ത മാസം ഏഴിന് നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി നടക്കുന്നുണ്ട്. എന്നാൽ പിറ്റേന്ന് മമതക്ക് അതേസ്ഥലത്ത് മറുപടി പറയുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. മമത ബാനർജിയെ അധികാരത്തിലേക്ക് നയിച്ച നന്ദിഗ്രാം സമരത്തിലെ നട്ടെല്ലായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞയാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.






