Sorry, you need to enable JavaScript to visit this website.

പൗരത്വ പട്ടിക പൂര്‍ണമല്ല, ഹിന്ദുക്കള്‍ക്ക് നീതി വേണമെന്ന് അസമിലെ ബിജെപി മന്ത്രി

ഗുവാഹത്തി- അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) അപൂര്‍ണമായി തുടരുകയാണെന്നും ബരക് വാലി മേഖലയില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ബിജെപി നേതാവും അസമിലെ മന്ത്രിയുമായ ഹിമന്ദ ബിസ്വ ശര്‍മ പറഞ്ഞു. പൗരത്വ പട്ടിക അപൂര്‍ണമാകാന്‍ കാരണം മുന്‍ കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹാലെജയാണെന്നും ഹിമന്ദ കുറ്റപ്പെടുത്തി. '90 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കുന്നതിനു ഇനിയും ചില കാര്യങ്ങള്‍ കൂടി ചെയ്യാന്‍ ബാക്കിയുണ്ട്. ബരക് വാലിയിലെ ഹിന്ദുക്കള്‍ക്ക് ഞങ്ങള്‍ നീതി വാഗ്ദാനം ചെയ്തതാണ്,' ബരക് വാലി മേഖലയിലെ കരിംഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തില്‍ ഹിമന്ദ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ 3.3 കോടി അപേക്ഷകരില്‍ 19.22 ലക്ഷം പേര്‍ പുറത്തായിരുന്നു. 1971നു മുമ്പ് ബംഗ്ലദേശില്‍ നിന്ന കുടിയേറിയ ഹിന്ദു അഭയാര്‍ത്ഥികളും പുറത്തായവരില്‍ ഉള്‍പ്പെട്ടതോടെ പൗരത്വ പട്ടികയ്‌ക്കെതിരെ ബിജെപി തന്നെ ശക്തമായി രംഗത്തു വരികയായിരുന്നു. മുസ്‌ലിംകളെ മാത്രം പുറത്താക്കാനുള്ള നീക്കത്തിനിടെ നിരവധി ഹിന്ദുക്കളും ഉള്‍പ്പെട്ടതാണ് ബിജെപിയെ ചൊടിപ്പിച്ചത്. 

അസമില്‍ പുതിയ എന്‍ആര്‍സി  കോഓര്‍ഡിനേറ്ററായി ഹിതേഷ് ദേവ് ശര്‍മ ചുമതലയേറ്റതോടെ അസമിലെ അന്തിമ പൗരത്വ പട്ടികയില്‍ വീണ്ടും വെട്ടലും തിരുത്തലും നടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായി അഭിഭാഷകരും പൗരാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. അശ്രദ്ധ കാരണം അര്‍ഹരല്ലാത്ത 2.77 ലക്ഷം പേര്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് ഹിതേഷ് ദേവ് ശര്‍മ ഗുവാഹത്തി ഹൈക്കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
 

Latest News