Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ കര്‍ഷക സമരം: യുഎസ് ഇടപെടണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍

വാഷിങ്ടന്‍- ഇന്ത്യയില്‍ നടന്നു വരുന്ന കര്‍ഷക സമരം ഉന്നയിച്ച് ഇന്ത്യന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഏഴ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് കത്തു നല്‍കി. ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാലും ഇവരില്‍ ഉള്‍പ്പെടും. ഈ പ്രശ്‌നം പഞ്ചാബുമായി ബന്ധമുള്ള അമേരിക്കന്‍ സിഖുകാരുടെ കൂടി ആശങ്കയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധമുള്ള ഇന്ത്യ അമേരിക്കക്കാരേയും ഇതു ബാധിക്കുമെന്നും കത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 'ഇന്ത്യയില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സ്വത്തുക്കളുമുള്ള നിരവധി ഇന്ത്യന്‍ അമേരിക്കക്കാരെ ഈ കര്‍ഷക സമരം നേരിട്ടു ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇവരുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ ഗൗരവ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് ഈ വിഷയം ഉന്നയിക്കണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു,' എന്നും ഡിസംബര്‍ 23ന് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. പ്രമീള ജയപാലിനെ കൂടാതെ ഡൊനള്‍ഡ് നോര്‍ക്രോസ്, ബ്രെഡന്‍ എഫ് ബോയ്ല്‍, ബ്രയന്‍ ഫിറ്റ്‌സ്പാട്രിക്, മേരി ഗേ സ്‌കാന്‍ലന്‍, ഡബി ഡിന്‍ഗെല്‍, ഡേവിഡ് ട്രോണ്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 

'ദേശീയ നിയമനിര്‍മാണ സഭാംഗങ്ങള്‍ എന്ന നിലയില്‍, ദേശീയ നയം തീരുമാനിക്കാനുള്ള ഇന്ത്യയുടെ അവകാശങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. അതേസമയം, തങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി ഇന്ത്യയിലും വിദേശങ്ങളിലും പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളേയും മാനിക്കുന്നു,' കത്തില്‍ പറയുന്നു. 

കര്‍ഷക സമരത്തെ കുറിച്ച് പ്രതികരിക്കുന്ന വിദേശ നേതാക്കള്‍ അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും ഇത് അനാവശ്യമാണെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. ഒരു ജനാധിപത്യ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ പ്രതികരണം നടത്തുന്നത് ശരിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തെ പ്രതികരിച്ചിരുന്നു.
 

Latest News