രാമനെ അവതരിപ്പിക്കുന്ന ഇന്തോനേഷ്യക്കാര്‍ മുസ്ലിംകള്‍; ഇന്ത്യയിലാണെങ്കില്‍ ഫത് വ വന്നേനെ- യോഗി ആദിത്യനാഥ്

ലഖ്‌നൗ- ഇന്തോനേഷ്യയില്‍നിന്നെത്തിയ രാംലീല ഗ്രൂപ്പിലെ കലാകാരന്മാരെല്ലാം മുസ്ലിംകളായിരുന്നുവെന്നും ഇന്ത്യയിലാണെങ്കില്‍ ഫത് വ വന്നേനെയെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അയോധ്യയില്‍ നടന്ന ദീപോത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ രാംലീല സംഘങ്ങളെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള സംഘമെത്തിയത്.


മുസ്ലിംകളായിട്ടും അവര്‍ എങ്ങനെ രാമായണ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ രാമന് അവരുടെ രാജ്യത്ത് വളരെയധികം ബഹുമാനമുണ്ടെന്നായിരുന്നു മറുപടി.  ഇത് ഇന്ത്യയിലായിരുന്നെങ്കില്‍ എപ്പോള്‍ ഫത് വ വന്നുവെന്ന് ചോദിച്ചാല്‍ മതിയെന്നാണ് താന്‍ അവരോട് പറഞ്ഞതെന്ന് യോഗി ആദിത്യനാഥ് വിശദീകരിച്ചു.  


ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും രാജ്യത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.  മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഖ്‌നൗവില്‍ സംഘടിപ്പിച്ച  കവി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.  രാമന്‍ നമ്മുടെ സനാതന്‍ പരമ്പാരത്തിന്റെ കേന്ദ്രമാണെന്നും  സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാമനെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രം രാഷ്ട്ര മന്ദിരമാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

 

Latest News