ന്യൂദല്‍ഹി- ഇന്ത്യയിലെ ജനസംഖ്യയില്‍ ആശങ്കപ്പെടാനില്ലെന്നും ജനസംഖ്യാ വര്‍ധന സ്ഥിരത കൈവരിക്കയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ് ) റിപ്പോര്‍ട്ട്. ഈ മാസം രണ്ടാം വാരത്തില്‍ പുറത്തിറിക്കിയ സര്‍വേയുടെ അഞ്ചാമത്തെ പതിപ്പാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇടക്കിടെ ഉന്നയിക്കുന്ന ജനസംഖ്യാ ഭീതിയെ കുറിച്ചുള്ള ആശങ്കകള്‍ തള്ളിക്കളയുന്നത്.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യമാണെന്നും രണ്ട് കുട്ടികള്‍ മാത്രമെന്ന നിയമം നടപ്പാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടാറുണ്ട്. രാജ്യത്ത് മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും സംഘ്പരിവാര്‍ സംഘടനകള്‍ ജനസംഖ്യാ പ്രശ്‌നം ഉന്നയിക്കാറുണ്ട്.
രണ്ട് കുട്ടികളെന്ന മാനദണ്ഡം ആവശ്യമില്ലെന്നും ജനസംഖ്യാ വര്‍ധനയെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയിലെ ജനസംഖ്യ സുസ്ഥിരമാണെന്നും സന്നദ്ധ സംഘടനായി പോപ്പുലേഷന്‍ ഫൗ ണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുട്രേജ പറഞ്ഞു. ചില മേഖലകളില്‍ പരിമിതപ്പെടാതെ എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യ സ്ഥിരത കൈവരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടകാര്യമാണെന്ന് അവര്‍ പറഞ്ഞു. ഈ പ്രവണത ചില പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജനസംഖ്യ സുസ്ഥിരമാണെന്ന് 2011 ലെ സെന്‍സസ് തന്നെ സ്ഥിരീകരിച്ചതാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ബംഗളൂരു ആസ്ഥാനമായുള്ള പീഡിയാട്രിക് െ്രെപമറി ഹെല്‍ത്ത് കെയര്‍ സേവനമായ അഡ്രസ് ഹെല്‍ത്ത് സ്ഥാപക സി.ഇ.ഒയുമായ ആനന്ദ് ലക്ഷ്മണ്‍ പറഞ്ഞു.
ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് മാറുമ്പോള്‍ കണക്കാക്കുന്ന മൊത്തം ഫെര്‍ട്ടിലിറ്റി നിരക്കില്‍ വ്യത്യാസമില്ലെങ്കില്‍ ജനസംഖ്യാ വര്‍ധന സ്ഥരിത കൈവരിച്ചതയാണ് കണക്കാക്കുക.
മരണനിരക്ക് അനുസരിച്ച് അല്‍പം വ്യത്യാസമുണ്ടാകാമെങ്കിലും ഫെര്‍ട്ടിലിറ്റി നിരക്ക് രാജ്യത്ത് ഏതാണ്ട് ഒരു സ്ത്രീക്ക് ഏകദേശം 2.1 കുട്ടികളെന്ന ശരാശരിയിലാണ്. രണ്ട് മുതിര്‍ന്നവര്‍ക്ക് രണ്ട് കുട്ടികളുണ്ടെങ്കില്‍, അധികം അംഗങ്ങളില്ലാതെ തന്നെയാണ് പഴയ തലമുറയില്‍നിന്ന് പുതിയ തലമുറയിലേക്കുള്ള മാറ്റം.
നിലവില്‍ 17 സംസ്ഥാനങ്ങളേയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളേയും അടിസ്ഥാനമാക്കായാണ് എന്‍.എഫ്.എച്ച്.എസ് കണക്ക്. കോവിഡ് 19 കാരണം ബാക്കി പ്രദേശങ്ങളില്‍ സര്‍വേ വൈകി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡാറ്റ ചേര്‍ത്തിട്ടില്ലെങ്കിലും സര്‍വേയില്‍ പങ്കെടുത്ത മേഖലകളിലെ ഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിഗമനം.
ഇതുവരെ നടത്തിയ സര്‍വേയില്‍ ബീഹാര്‍, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള എല്ലാ പ്രദേശങ്ങളിലും മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് രണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബീഹാര്‍, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലും 2015-16 ലെ അവസാന സര്‍വേയ്ക്ക് ശേഷം നിരക്ക് കുറഞ്ഞിട്ടുമുണ്ട്.