Sorry, you need to enable JavaScript to visit this website.

ചരിത്രമുറങ്ങുന്ന ഗ്വാളിയോർ 

  കോട്ടകളുടേയും കൊട്ടാരങ്ങളുടേയും നഗരമായ ഗ്വാളിയോർ
ഗ്വാളിയോർ കൊട്ടാരത്തിന്റെ ഉൾവശം 
ചരിത്രം തേടിയെത്തിയ സഞ്ചാരികൾ
വൃത്തിയോടെ പരിപാലിക്കുന്ന ഗ്വാളിയോർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റുഫോറം 
  നഗരത്തിന്റെ ആധുനിക മുഖം, യുവതലമുറയുടെ സംഗമ കേന്ദ്രമായ ഷോപ്പിംഗ് മാൾ 
ഗോക്കൾ സ്വതന്ത്രരായി വിഹരിക്കുന്ന പഴയ നഗരം 


ദൽഹിയും ആഗ്രയും കാണാനെത്തുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത നഗരമാണ് മധ്യപ്രദേശിലെ ഗ്വാളിയോർ. ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന്‌ന 319 കിലോ മീറ്റർ യാത്ര ചെയ്താൽ മതി. ആഗ്രയിൽ നിന്ന്  122 കിലോ മീറ്റർ തെക്കായി സ്ഥിതി ചെയ്യുന്നു. ദൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിൽ നിന്ന് നിത്യേന ട്രെയിൻ സർവീസുകളുണ്ട്. നഗര കേന്ദ്രത്തിൽ നിന്ന് വെറും എട്ട് കിലോ മീറ്റർ അകലെയാണ് വിമാനത്താവളം. അടുത്ത കാലത്തായി വിദ്യാഭ്യാസ രംഗത്ത് പ്രാധാന്യമേറിയതിനാൽ മലയാളികളുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഇവിടെ കാണാം. ശുചിത്വമാണ് ഈ നഗരത്തിന്റെ മുഖമുദ്ര. നമ്മുടെ ജനപ്രതിനിധികൾ ഗ്വാളിയോർ റെയിൽവേ സ്റ്റേഷനും ജില്ലാ ഭരണ സിരാ കേന്ദ്രവും ഒരിക്കലെങ്കിലും സന്ദർശിക്കണം. അത്രയ്ക്ക് മനോഹരമായാണ് പൊതുജനങ്ങൾ സദാ ഇട പഴകുന്ന കേന്ദ്രങ്ങളുടെ മെയിന്റനൻസ്. 


ശക്തരായ ഭരണാധികാരികളുടെയും രാജവംശങ്ങളുടെയും കഥ പറയുന്ന നഗരമാണ് മധ്യപ്രദേശിന്റെ ടൂറിസം തലസ്ഥാനമായ ഗ്വാളിയോർ. മഹത്തായ ഈ പാരമ്പര്യത്തിന്റെ അടയാളങ്ങളാണ് ഇവിടെ കാണപ്പെടുന്ന കോട്ടകളും കൊട്ടാരങ്ങളും. തോമർ, മുഗൾ, മറാത്ത തുടങ്ങി ഒട്ടനവധി രാജവംശങ്ങളുടെ ഭരണത്തിന് ഇവിടം സാക്ഷിയായിട്ടുണ്ട്. മധ്യപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്വാളിയോറിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. അക്ബർ ചക്രവർത്തിയുടെ സദസ്സിലെ സംഗീതഞ്ജനായിരുന്ന താൻസന്റെ ജന്മനാട് ഗ്വാളിയോറാണ്. എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ ഇവിടെ മൂന്നു നാല് ദിവസം നീണ്ടു നിൽക്കുന്ന താൻസെൻ മ്യൂസിക് ഫെസ്റ്റിവൽ ഇവിടെയെത്തുന്നവരെ ആകർഷിക്കുന്ന ഒന്നാണ്. 


ഗ്വാളിയോറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മൊറേന. ഗജ്ജക്ക് എന്ന പേരിലുള്ള തദ്ദേശീയ മധുരപലഹാരമാണ് ഇവിടുത്തെ പ്രത്യേകത. ഒട്ടേറെ അപൂർവ്വ മൃഗങ്ങളുടെ വാസസ്ഥലമായ നാഷണൽ ചമ്പൽ സാങ്ച്വറി, ബതേശ്വർ ക്ഷേത്രങ്ങൾ, കോട്ടകൾ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.  ഗ്വാളിയോർ പട്ടണത്തിന്റെ കിരീടമാണ് ഗ്വാളിയോർ കോട്ട. പട്ടണത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ആസ്വദിക്കണമെങ്കിൽ കോട്ട മാത്രമാണ് ശരണം. എട്ടാം നൂറ്റാണ്ടിൽ തോമർ രാജാവായിരുന്ന മാൻ സിങ് തോമർ പണികഴിപ്പിച്ചതാണ് കുന്നിൻമുകളിലെ ഈ കോട്ട. പ്രതിരോധത്തിന്റെ ഭാഗമായാണ് കോട്ട നിർമ്മിച്ചത്.

 

കോട്ട കൂടാതെ കരൺ മഹൽ, വിതച്രം മഹൽ, മ്യൂസിയം, ജെയിൻ ക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റാകർഷണങ്ങൾ. മറാത്ത മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യ പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ് വിലാസ് പാലസ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. യൂറോപ്യൻ രീതിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരം ഇപ്പോൾ രാജാവിന്റെ പിൻതലമുറക്കാരുടെ വാസസ്ഥലമായും താൽപര്യമുള്ളവർക്ക് സന്ദർശിക്കാൻ കഴിയുന്ന കൊട്ടാരമായും നിലനിർത്തിയിരിക്കുന്നു. 

ഗാന്ധി സൂ എന്നറിയപ്പെടുന്ന ഗ്വാളിയോർ സൂ കുടുംബമായി എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. ഈ മൃഗശാല വെള്ളിയാഴ്ചകളിൽ അടച്ചിടും. വൈറ്റ് ടൈഗർ, കലമാനുകൾ, കരടികൾ, കുരങ്ങുകൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം. കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിൽ ബിർള ഗ്രൂപ്പ് നിർമ്മിച്ച സൂര്യക്ഷേത്രം ഇവിടുത്തെ മറ്റൊരാകർഷണമാണ്. അതിസമ്പന്നമായ ചരിത്രമുള്ളതിനാൽ ധാരാളം രാജവംശങ്ങൾ ഇവിടെ വന്നുപോയിട്ടുണ്ട്. അതിന്റെ ശേഷിപ്പുകളാണ് ശവകുടീരങ്ങൾ. റാണി ലക്ഷ്മി ഭായുടെ ശവകുടീരവും പ്രധാനമാണ്. ചരിത്ര പ്രാധാന്യമേറെയെങ്കിലും ആധുനിക നഗരമായി അതിവേഗം മാറുകയാണ് ഗ്വാളിയോർ. നൂതന ഷോപ്പിംഗ് മാളുകൾ ഒരു വശത്ത് ഉയരുമ്പോൾ പഴയ സിറ്റിയിൽ പശുക്കളുടെ സൈ്വര വിഹാരവും കാണാനാവും. ഹിന്ദി ഹൃദയ ഭൂമിയിലെ ഈ നഗരത്തിൽ സസ്യാഹാരം ലഭിക്കുന്ന ധാരാളം ഭോജന ശാലകളുമുണ്ട്. 


 

Latest News