സൗദിയിൽ പതിനായിരത്തിലേറെ പേർ കോവിഡ് വാക്‌സിൻ എടുത്തു

റിയാദ് - സൗദിയിൽ ഇതുവരെ പതിനായിരത്തിലേറെ പേർ കൊറോണക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി കണക്ക്. നിലവിൽ റിയാദിലെ വാക്‌സിനേഷൻ സെന്റർ വഴി മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഫൈസർ-ബയോൻടെക് വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നതിന് ഒരാഴ്ചക്കിടെ അഞ്ചു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ സ്വീകരിക്കാൻ കഴിയുന്നതിന് റിയാദ് വാക്‌സിനേഷൻ സെന്ററിന്റെ ശേഷി വർധിപ്പിച്ചുവരികയാണ്. 
ബുധനാഴ്ച രാത്രി വരെ 5,00,178 പേരാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിൻ സുരക്ഷിതവും അംഗീകൃതവുമാണ്. ഇത് ജീനുകളെ പ്രതികൂലമായി ബാധിക്കില്ല. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് നിലവിലെ വാക്‌സിൻ ഫലപ്രദമാണെന്ന് വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 

Latest News