Sorry, you need to enable JavaScript to visit this website.

പ്രത്യേക നിയമസഭ സമ്മേളനത്തിലുറച്ച് കേരള സർക്കാർ

 തിരുവനന്തപുരം- പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കുമെന്ന നിലപാടിൽ ഉറച്ച് കേരള സർക്കാർ. ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനിച്ചു. ഒരു മണിക്കൂർ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. അനുമതിക്കായി വീണ്ടും ഗവർണറെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിയമസഭ ചേരേണ്ടതിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. 

അടിയന്തരമായി നിയമസഭ വിളിച്ചുചേർക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിന്റെ ആവശ്യം തള്ളിയത്. നിയമസഭ വിളിക്കുന്നതിനുള്ള കാരണം സർക്കാർ വൃക്തമാക്കത്തതിനാലും തനിക്കു ബോധ്യപ്പെടാത്തതിനാലുമാണ് സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആവർത്തിച്ചു ചോദിച്ച ശേഷമാണു കർഷകപ്രക്ഷോഭം ചർച്ച ചെയ്യാനാണു സഭ ചേരുന്നതെന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. കേരള സർക്കാരിന്റെ അധികാര പരിധിയിൽപ്പെടുന്ന കാര്യമല്ല അത്. കേരളത്തിന് ആ പ്രശ്‌നം പരിഹരിക്കാനും കഴിയില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ ശൈലിയെ ഗവർണർ രൂക്ഷമായി വിമർശിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് ഗവർണർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഭരണഘടനാ നിയമലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യ സ്വഭാവത്തോടെ അയച്ച കത്ത് ചോർന്നെന്നും കുറ്റപ്പെടുത്തി. ഗവർണർ മുഖ്യമന്ത്രിക്ക്  നൽകിയ മറുപടിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉള്ളത്. 17ന് ചേർന്ന മന്ത്രി സഭാ യോഗമാണ് ജനുവരി എട്ടിന് സഭ വിളിക്കാൻ ശുപാർശ ചെയ്തത്. 18ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21ന് ഫയലിൽ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനനുള്ള തീരുമാനം പിൻവലിക്കുന്നതായും 23ന് അടിയന്തിര മായി സഭ ചേരാൻ അനുമതിയും തേടി ഫയലെത്തി. 17നും 21നും ഇടയിലുണ്ടായ അടി യന്തിര സാഹചര്യം എന്താണെന്ന തന്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യ മന്ത്രിയുടെ കത്ത്. 
മന്ത്രിസഭാ ശുപാർശകൾ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പക്ഷെ പ്രത്യേക സഭസമ്മേളനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. പോലീസ് നിയമ ഭേദഗതിയിലും ത്രിതല വാാർഡ് വിഭജന ഓർഡിനൻസിലും വ്യത്യസ്ത നിലപാടുണ്ടായിരുന്നെങ്കിലും സർക്കാർ ആവശ്യത്തിന് വഴങ്ങി ഒപ്പിട്ടു എന്നാൽ ദിവസങ്ങൾക്കുള്ളിൽ രണ്ടും സർക്കാർ പിൻവലിച്ചത് ഗവർണർ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്. തനിക്ക് ഭരണഘടന സംരക്ഷിക്കാനുള്ള ബാാധ്യതയുണ്ട്. മറ്റുള്ളവരുടെ കടമ ചെയ്യുന്നതിനെക്കാൾ നല്ലത് പോരായ്മയോട് കൂടിയാണെങ്കിലും സ്വന്തം ജോലി ചെയ്യുന്നതാണെന്ന ഭഗവത്ഗീതയിലെ ശ്ലോകം കൂടി ഉദ്ധരിച്ചാണ് ഗവർണറുടെ മറുപടി.  
മുഖ്യമന്ത്രിയുടെ കത്തിന് അതീവ രഹസ്യ സ്വഭാവമുണ്ടെന്നും ഗവർണർ തന്നെ വായിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്നലെ അറിയിച്ചു. അത് പ്രകാരം  ഇന്നലെ അയച്ച കത്ത് വായിക്കുമ്പോൾ അതിലെ വിവരങ്ങൾ ചാനലുകളിൽ താൻ കണ്ടെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിലെ അതൃപ്തിയും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൊമ്പ് കോർത്തിരുന്നു. അതേസമയം ഇന്നലെ രാവിലെ കർഷക പ്രക്ഷോഭത്തിൽ സംസാരിച്ച മുഖ്യമന്ത്രി ഗവർണറെ പരസ്യമായി വിമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Latest News