ഒരു തൈനടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈനടാം കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈനടാം നൂറ് കിളികൾക്ക് വേണ്ടി..
( നാളേയ്ക്ക് വേണ്ടി -സുഗതകുമാരി)
പ്രകൃതിക്ക് വേണ്ടിയും ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടിയുമായി സമർപ്പിച്ചതായിരുന്നു സുഗതകുമാരിയുടെ ജീവിതം. മലയാളത്തിലെ ഒരു എഴുത്തുകാരനും കഴിയാത്തവിധം ആക്ടിവിസത്തിന്റെ ആൾരൂപമായിരുന്നു അവർ. സുഗതകുമാരി ടീച്ചറുടെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സാംസ്‌കാരിക കേരളം ധാരാളം ചർച്ചകൾ നടത്തിയിട്ടുണ്ട്. ആരാധകരുള്ളതു പോലെ തന്നെ എതിരാളികളും ഇഷ്ടം പോലെയുള്ള എഴുത്തുകാരിയായിരുന്നു. എന്നാൽ എതിരാളികളുടെ പോലും ആദരവ് നേടാനാവും വിധം സമാനതകളില്ലാത്ത സംഭാവനകൾ ചെയ്തുവെച്ചിട്ടാണ് സുഗതകുമാരി പടിയിറങ്ങുന്നത്.
സാലിം അലിയുടെയും കെ.കെ. നീലകണ്ഠന്റെയും (ഇന്ദുചൂഡന്റെ) എൻ.വി. കൃഷ്ണവാര്യരുടെയും മറ്റും നേതൃത്വത്തിൽ നടന്ന സൈലന്റ് വാലി സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുഗതകുമാരി.
പ്രകൃതി സംരക്ഷണത്തിന്റെ വക്താവും പ്രയോക്താവുമായി സുഗതകുമാരി മാറി. ഈ അനുഗൃഹീത എഴുത്തുകാരിയെ മാറ്റിനിർത്തി പരിസ്ഥിതി സംരക്ഷണ ചരിത്രം ഇവിടെയാർക്കും എഴുതാനാവില്ല. പ്രകൃതി സംരക്ഷണത്തിനായി സമാനതകളില്ലാത്ത പോരാട്ടമാണവർ നടത്തിയത്. സമരത്തോടൊപ്പം ഫലപ്രദമായ ഇടപെടലുകളും സംരക്ഷണ പ്രവർത്തനമെന്ന ഉത്തരവാദിത്തവും കൂടി അവർ ഏറ്റെടുത്തു. അട്ടപ്പാടി കുന്നിലെ കൃഷ്ണവനം സുഗതകുമാരിയുടെ സംഭാവനയാണ്. അവകാശങ്ങൾക്കായി പോരാടുന്നതോടൊപ്പം സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തം കൂടി നിറവേറ്റിയെന്നതാണ് സുഗതകുമാരിയെ മറ്റു എഴുത്തുകാരിൽനിന്ന് വേറിട്ട് നിർത്തുന്നത്.
വഴിയിലെ കൊച്ചുകാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
എന്ന് പാടാൻ സുഗതകുമാരിക്കല്ലാതെ മാറ്റാർക്കാണ് കഴിയുക. ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന തരത്തിൽ ലളിതവും എന്നാൽ അഗാധവുമായ കവിതകളായിരുന്നു തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന സുഗതകുമാരി എഴുതിയിരുന്നത്. ഗാന്ധിജിയുടെ ശിഷ്യനായ ബോധേശ്വരന്റെ മകൾക്ക് ഗാന്ധിയോടായിരുന്നു കൂടുതൽ അടുപ്പം.
കേരളത്തിലെ മൂന്ന് ഭ്രാന്താശുപത്രികളുടെ അറപ്പുളവാക്കുന്ന ദയനീയ സ്ഥിതി കണ്ട് ഹൃദയം തകർന്നാണ് അഭയ എന്ന സ്ഥാപനം തുടങ്ങിയത്. എന്റെ സുഹൃത്ത് കൂടിയായിരുന്ന സുന്ദർ (അടുത്ത കാലത്ത് അന്തരിച്ചു) തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദുരിതാവസ്ഥയെക്കുറിച്ച് കലാകൗമുദിയിൽ തുടർ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത്തരത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ലേഖനവുമായിരുന്നു. ഇത് വായിച്ചാണ് സുഗതകുമാരി മാനസിക രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാനായി ഇറങ്ങിത്തിരിച്ചത്. കോഴിക്കോട് കുതിരവട്ടം ഉൾപ്പെടെ സംസ്ഥാനത്തുള്ള മൂന്ന് സർക്കാർ മാനസികരോഗാശുപത്രികളുടെ സാഹചര്യം മെച്ചപ്പെടുത്താൻ സുഗതകുമാരിയുടെ ഇടപെടലുകൾക്കായി.
രാത്രിമഴ ചുമ്മാതെ
കേണും ചിരിച്ചും.
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭാന്ത്രിയെപ്പോലെ...
എന്നെഴുതാൻ കഴിഞ്ഞത് സുഗതകുമാരിയുടെ മനുഷ്യപ്പറ്റുള്ള ജീവിതം കൊണ്ടാണ്. ഭ്രാന്താശുപത്രികളിലെ അതിദയനീയമായ അവസ്ഥ കണ്ടപ്പോഴാണ് അഭയയെ കുറിച്ച് സുഗതകുമാരി ചിന്തിച്ചത്. ഇവിടുത്തെ ഭ്രാന്താശുപത്രികൾ ദുർഗന്ധവും പട്ടിണിയും നഗ്നതയും സ്ത്രീയെ വിൽക്കലുമെല്ലാം നടന്ന ഇടങ്ങളായിരുന്നു. മനോരാഗോശുപത്രികളെ മാനവീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി സുഗതകുമാരി പ്രതിഷേധിച്ചു. സർക്കാർ അനങ്ങാതായപ്പോൾ ഹൈക്കോടതിയിൽ കേസ് കൊടുത്തു. കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനോരോഗാശുപത്രികളിലെ പ്രവർത്തനത്തിന് മാറ്റം വന്നു.
നൂറ്റമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലെ മൂന്ന് മനോരോഗാശുപത്രികളും തുറന്നിട്ടു. ജയിലുകൾ ആശുപത്രികളായി. പത്രപ്രവർത്തകർക്കും രോഗികളുടെ ബന്ധുക്കൾക്കും പുറത്തു നിന്നുള്ളവർക്കും അവിടെ പ്രവേശിക്കാമെന്നായി. രോഗം മാറി ആശുപത്രി വിടുന്നവർക്കായി ജില്ലാതലത്തിൽ അഭയ കേന്ദ്രങ്ങൾ തുടങ്ങണമെന്നാവശ്യപ്പെട്ട് സുഗതകുമാരിയുടെ നേതൃത്വത്തിൽ സർക്കാരിന് പ്രൊജക്ട് നൽകിയെങ്കിലും സർക്കാർ അതിനോട് പുറം തിരിഞ്ഞുനിന്നു.
പീന്നീടാണ് പേയാട് തച്ചോട്ടുകാവ് മഞ്ചാടിയിൽ 1986 ൽ സുഗതകുമാരി ടീച്ചർ അഭയഗ്രാമം എന്ന പേരിൽ ജീവിതത്തിൽ തനിച്ചായവർക്ക് ഒരു കേന്ദ്രമുണ്ടാക്കിയത്. അന്ന് അഭയയ്ക്ക് തറക്കല്ലിട്ട തിബത്തിന്റെ ആത്മീയാചാര്യൻ ദലൈലാമ പറഞ്ഞു:
''എല്ലാം നഷ്ടപ്പെട്ട, ഭാഗ്യഹീനർക്കുള്ളതാണ് അഭയഗ്രാമം. ഞാൻ ഈ മണ്ണിനെ അനുഗ്രഹിക്കുന്നു, നിങ്ങൾക്കായി പ്രാർഥിക്കുന്നു.''ദലൈലാമ അന്നു നട്ട ബോധിവൃക്ഷത്തൈ ഇന്നു പടർന്നു പന്തലിച്ച് അഭയഗ്രാമത്തിനു തണലേകുന്നു. തന്റെ ഒസ്യത്തിൽ സുഗതകുമാരി ആഗ്രഹിക്കുന്നതും ഈ കുന്നുകളിൽ തനിക്കായി ഒരാൽമരം നടണമെന്നാണ്. തന്റെ പേരവിടെ കൊത്തി്വവയ്ക്കുകയോ, ചിതാഭസ്മം അവിടെ വെയ്ക്കുകയോ വേണ്ട.
നമ്മുടെ ഇടയിൽ പ്രകൃതിക്കായും കഷ്ടപ്പെടുന്നവർക്കായും ജീവിച്ചു മരിച്ച ഒരാൽമരമായിരുന്നു സുഗതകുമാരി. കഴിഞ്ഞുപോയ കാലത്തിനിടെ അഭയയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത് ഇടറി വീണ കുറെയേറെ ജന്മങ്ങളെയാണ്.
മാനസിക രോഗികൾ, അഗതികൾ, തെരുവു ബാല്യങ്ങൾ, ലഹരിക്കടിപ്പെട്ടവർ, ലൈംഗികമായി ചതിക്കപ്പെട്ടവർ, ഇങ്ങനെ ഒരുപാട് പേർ.
ഈ മകര മാസത്തിലെ അശ്വതി നാളിൽ തങ്ങളുടെ വളർത്തമ്മയുടെ
86 ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയായിരുന്നു അഭയയിലെ മക്കൾ. അപ്പോഴാണ് പ്രതീക്ഷിക്കാതെയുള്ള സുഗതകുമാരിയുടെ ഈ ഇറങ്ങിപ്പോക്ക്. ഇനിയും ഈ മണ്ണിൽ തന്നെ പാടാനും ചവിട്ടിയരക്കപ്പെടുന്നവരെ ചേർത്തുപിടിക്കുവാനുമായി താൻ വീണ്ടും ജനിക്കുമെന്ന് വാക്കു തന്നിട്ടാണല്ലോ വിട പറഞ്ഞത്.