ന്യൂദല്‍ഹി- വിവാഹത്തിനായി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും ബലാത്സംഗം ചെയ്തുവെന്നുമുള്ള പരാതിയില്‍ ദല്‍ഹിയില്‍ യുവാവിനെതിരെ കേസ്. വാടകക്കാരനായി വീട്ടില്‍ താമസിച്ചയാള്‍ക്കെതിരെയാണ് സംഗം വിഹാറില്‍ താമസിക്കുന്ന യുവതി സരിത വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
സാഹിബ് അലി എന്ന രാഹുല്‍ (20) യഥാര്‍ഥ പേര് മറച്ചുവെച്ചാണ് വാടകക്കാരനായി താമസം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. ഇരുവരും സുഹൃത്തുക്കളായ ശേഷം യുവതിയെ അലി വിഹാറിലേക്ക് കൊണ്ടുപോയി യുവാവിന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും പരിചയപ്പെടുത്തിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് സമ്മതമില്ലാതെ ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. വിവാഹത്തിനുശേഷം പ്രതി മതപരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ബുര്‍ഖ ധരിക്കാനും നമസ്‌കരിക്കാനും നിര്‍ബന്ധിച്ചുവെന്നും പ്രതിയുടെ പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.






