വീണ്ടും ചർച്ച, വാഗ്ദാനം തള്ളി കർഷകർ

ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങളെ കുറിച്ച് വീണ്ടും ചർച്ച നടത്തുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം കർഷക സംഘടനകൾ തള്ളി. ഉപാധികൾ വെച്ചുള്ള ചർച്ചകൾക്ക് തയാറല്ലെന്ന് അറിയിച്ച സമര സമിതി നേതാക്കൾ നിയമം പിൻവലിക്കാമെന്ന് ഉറപ്പ് നൽകാമെങ്കിൽ ചർച്ചയ്‌ക്കെത്താമെന്നും മറുപടി നൽകി. അതേസമയം, ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നേരിട്ട് ആശയവിനിമയം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ഒൻപത് കോടി കർഷകർക്ക് വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടത്തും. 
18,000 കോടി രൂപയാവും പി.എം കിസാൻ സമ്മാൻ പദ്ധതിയായി കൈമാറുക. ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന പ്രധാനമന്ത്രി, കർഷക നിയമത്തിന്റെ ഗുണങ്ങളെ കുറിച്ചാവും വിശദമാക്കുക. കേന്ദ്ര സർക്കാർ കർഷകർക്കു വേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ചും ചർച്ചയാകും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 
സമരത്തിലുള്ള കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്നും തീയതിയും സമയവും നിശ്ചയിക്കേണ്ടത് സംഘടനാ നേതാക്കളാണെന്നുമാണ് ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്. കർഷകർക്ക് പ്രയോജനമുണ്ടാക്കുന്നതിനായി നിലവിലുള്ള വിവിധ പദ്ധതികളിലെയും വിടവുകൾ നികത്തി പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാണ്. താങ്ങുവിലയും മികച്ച ഉൽപാദന നിരക്കും നിലനിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തുടർന്ന് കോവിഡ് കാലത്തു പോലും കാർഷിക രംഗത്ത് പ്രതിസന്ധികൾ ബാധിച്ചില്ല. ഈ സാഹചര്യത്തിൽ കർഷക സംഘടനകൾ ചർച്ചകൾക്ക് തയാറാകണമെന്നും ഏതൊക്കെ പ്രശ്‌നങ്ങളാണെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമെന്നും കൃഷിമന്ത്രി പറഞ്ഞു. 
എന്നാൽ പ്രക്ഷോഭം അട്ടിമറിക്കുന്നതിനായി സർക്കാർ സമാന്തര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് കർഷകർക്കൊപ്പം സമരത്തിൽ തുടരുന്ന സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. തങ്ങൾ പലതവണ തള്ളിയ ഉപാധികളുമായാണ് സർക്കാർ വീണ്ടും വീണ്ടും ചർച്ചക്ക് വിളിക്കുന്നത്. ഉപാധികളിന്മേൽ ചർച്ച നടത്താൻ സംഘടനകളാരും തയാറല്ല. ഈ സാഹചര്യത്തിൽ അർഥമില്ലാത്ത ചർച്ച നടത്തിയിട്ടു കാര്യമില്ല. ഇക്കാര്യം സംഘടനകൾ രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിയമം പിൻവലിക്കാമെന്ന് അറിയിച്ചാൽ ചർച്ച നടത്തുന്നതിനു തയാറാണെന്നും നേതാക്കൾ പറഞ്ഞു. സുപ്രീം കോടതി നിർദേശിച്ച പ്രകാരം നിയമം നടപ്പിലാക്കുന്നത് തത്കാലം നിർത്തിവെച്ചതിനു ശേഷമാണ് ചർച്ചയ്ക്കു വിളിച്ചിരുന്നതെങ്കിൽ തങ്ങളെ കൂടുതൽ ആലോചനയ്ക്കു പ്രേരിപ്പിക്കുമായിരുന്നെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘ് ദേശീയ പ്രസിഡന്റ് ശിവകുമാർ കാക്ക പറഞ്ഞു. 
അതേസമയം, കഴിഞ്ഞ 26 ന് ആരംഭിച്ച കർഷക പ്രക്ഷോഭം 29 ാം ദിവസത്തിലേക്കു കടന്നു. പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉച്ചഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള റിലേ സമരം ആരംഭിച്ച കർഷകർ, രാജ്യത്തെ എല്ലാവരും ഇക്കാര്യത്തിൽ പങ്കുചേരണമെന്നു ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതൽ റിലയൻസ്, അദാനി കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 

Latest News