പാലക്കാട്- വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി 'ജയ് ശ്രീരാം' ബാനര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
പാലക്കാട് വടക്കന്തറ മേട്ടുത്തെരുവില്‍ കൃഷ്ണതുളസി വീട്ടില്‍ ലിനീഷ്(28), പട്ടിക്കര തരകര്‍ലൈനില്‍ എണ്ണക്കോട് തെരുവില്‍ ദാസന്‍(44), കൊപ്പം എറങ്ങാട് എം.ബിജു(32), ഉണ്ണിക്കൃഷ്ണന്‍(34) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പ്രകോപനത്തിനും കുറ്റകരമായ കടന്നുകയറ്റത്തിനും അന്യായമായ സംഘം ചേരലിനുമാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറിയുടെ പരാതി പ്രകാരമാണ് കേസ്. സംഭവത്തെക്കുറിച്ച് സി.പി.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.
പാലക്കാട് നഗരസഭാ ഭരണം ബി.ജെ.പി ഉറപ്പിച്ചതിനു തൊട്ടു പിറകേയാണ് പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ വിവാദ ബാനര്‍ ഉയര്‍ത്തിയത്. നിമിഷങ്ങള്‍ക്കകം അത് മാറ്റിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ അത് വലിയ ചര്‍ച്ചയായി മാറി. സി.പി.എമ്മും യു.ഡി.എഫും സംഭവത്തിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു. ജയ് ശ്രീരാം ബാനര്‍ കെട്ടിയ സ്ഥലത്ത് ദേശീയപതാക സ്ഥാപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയപതാകയെ അപമാനിച്ചു എന്ന ആരോപണവുമായി യുവമോര്‍ച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.






