പെരിന്തൽമണ്ണ- തൊഴിലുറപ്പു തൊഴിലാളിയിൽ നിന്ന് ഷഹർബാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കാരിയായും സാമൂഹ്യപ്രവർത്തകയായും ജനങ്ങൾക്കിടയിൽ പരിചിതയായ മഹിളാ കോൺഗ്രസ് നേതാവ് പി.ഷഹർബാൻ ആണ് ജില്ലാ പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷനിൽ നിന്നുള്ള അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായിരുന്ന അങ്ങാടിപ്പുറം ഡിവിഷനിൽ നിന്ന് 3877 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷഹർബാൻ അട്ടിമറി വിജയം നേടിയത്. ഷഹർബാനെതിരെ സി.പി.എം മങ്കട ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടിയു ജില്ലാ നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.പത്മജയാണ് മൽസരിച്ചത്. സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ പത്്മജക്ക് വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് വന്നിരുന്നെങ്കിലും അങ്ങാടിപ്പുറം ഡിവിഷനിൽ യു.ഡി.എഫ് വിജയം തട്ടിയെടുക്കുകയായിരുന്നു.
ചെരക്കാപ്പറമ്പിൽ താമസിക്കുന്ന 44 കാരിയായ ഷഹർബാൻ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. സേവാദൾ വനിതാ വിഭാഗം ജില്ലാ ചീഫ് ഓർഗനൈസർ, ജവഹർ ബാൽ മഞ്ച് ജില്ലാ വൈസ് ചെയർമാൻ, 15 വർഷമായി കുടുംബശ്രീ സി.ഡി.എസ് മെമ്പർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിക്കുന്നു. ചെരക്കാപറമ്പ് പരിയംതടം അബു-ഫാത്തിമ ദമ്പതികളുടെ മകളാണ്. മൊയ്തീൻ കുട്ടിയാണ് ഭർത്താവ്. ഷിഹാസ്, അഖിൽ റോഷൻ, മുഹമ്മദ് അമൽ അംജും എന്നിവർ മക്കളാണ്.
ജില്ലാ പഞ്ചായത്ത് അംഗമായെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം പ്രവർത്തിക്കുമെന്നും ഡിവിഷനിലെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രവർത്തിക്കുമെന്നും ഷഹർബാൻ പറഞ്ഞു.






