Sorry, you need to enable JavaScript to visit this website.

നവംബർ എട്ട് കറുത്തദിനം- മൻമോഹൻ സിംഗ്

അഹമ്മദാബാദ്- രാജ്യത്തെ പിടിച്ചുലച്ച നോട്ടുനിരോധനത്തിന് ഒരുവർഷമാകാനിരിക്കെ കേന്ദ്രനടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. അഹമ്മദാബാദിൽ വ്യവസായികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നോട്ടുനിരോധനം നിലവിൽ വന്ന നവംബർ എട്ട്(2016) ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും കറുത്തദിവസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 


നോട്ടുനിരോധനം ഏര്‍പ്പെടുത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം തന്നെ ഞെട്ടിച്ചുവെന്നും ഇത്രമേൽ വീണ്ടുവിചാരമില്ലാത്ത നടപടി സ്വീകരിക്കാൻ ആരാണ് അദ്ദേഹത്തെ ഉപദേശിച്ചത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മൻമോഹൻ സിംഗ് പറഞ്ഞു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് എത്തുന്നത്. നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധദിനമായി കേന്ദ്ര സർക്കാർ ആചരിക്കാനിരിക്കെ ഈ വിഡ്ഢിത്തം തുറന്നു സമ്മതിച്ച് തെറ്റു തിരുത്താൻ പ്രധാമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്ന്  മൻമോഹൻ സിംഗ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കള്ളപ്പണവും നികുതിവെട്ടിപ്പും തടയേണ്ടത് അത്യാവശ്യമാണ്. പക്ഷെ അതിന് നോട്ടുനിരോധനമല്ല വഴി. നോട്ടുനിരോധനം നടപ്പാക്കണമെന്ന് നേരത്തെയും നിരവധി തവണ സർക്കാറുകൾക്ക് ഉപദേശമുണ്ടായിരുന്നു. എന്നാൽ അതൊരു ഫലപ്രദമായ മാർഗമാണെന്ന് ഉത്തരവാദപ്പെട്ട ഒരു സർക്കാറിനും തോന്നിയിട്ടില്ല. എൺപത്തിയാറ് ശതമാനം പണവും നിരോധിച്ചുള്ള ബുദ്ധിശൂന്യമായ നടപടി ലോകത്തെ ഒരു രാജ്യവും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. നോട്ടുനിരോധനം കൊണ്ട് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ലക്ഷ്യങ്ങളൊന്നും ഇതേവരെ നിറവേറിയിട്ടുമില്ല. 


നോട്ടുനിരോധനം സംഘടിത കുറ്റവും നിയമാനുസൃത കൊള്ളയുമായിരുന്നുവെന്ന് പാർലമെന്റിൽ പറഞ്ഞ കാര്യം ആവർത്തിക്കുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

നോട്ടുനിരോധനം പോലെ ജി.എസ്.ടിയും രാജ്യത്തിനേറ്റ കനത്ത ആഘാതമായിരുന്നു. മതിയായ മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുക വഴി രാജ്യത്തെ ചെറുകിട വ്യവസായികളുടെ നട്ടെല്ലൊടിഞ്ഞു. നികുതി ഭീകരത മൂലം രാജ്യത്ത് നിക്ഷേപമിറക്കാനുള്ള ആത്മവിശ്വാസം നിക്ഷേപകർക്ക് നഷ്ടമായി. 2015-16 വർഷത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യ ചൈനയിൽനിന്ന് 1.96 ലക്ഷം കോടി രൂപയുടെ സാധനങ്ങളാണ് ഇറക്കുമതി ചെയ്തതെങ്കിൽ 2016-17 വർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 2.41 ലക്ഷം കോടിയായ ഉയർന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഏറെ കരഘോഷത്തോടെയാണ് മന്‍മോഹന്‍ സിംഗിന്‍റെ വാക്കുകള്‍ സദസ് ഏറ്റെടുത്തത്. 

  'നോട്ടുനിരോധനം സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമന്ത്രി ആ വിഡ്ഢിത്തത്തെ സൗമ്യമായി സമ്മതിക്കുകയാണ് ഇപ്പോൾ വേണ്ടത്. സമ്പദ്ഘടനയെ പുനരുദ്ധരിക്കാൻ എല്ലാവരുടേയും പിന്തുണ തേടുകയും വേണമെന്ന് ബ്ലൂംബർഗ് ക്വിന്റിന് നൽകിയ അഭിമുഖത്തിൽ മൻമോഹൻ സിങ് വ്യക്തമാക്കിയിരുന്നു.
നോട്ടുനിരോധനം സംബന്ധിച്ച തന്റെ വിമർശനങ്ങളെ അദ്ദേഹം ഒരിക്കൽകൂടി അടിവരയിട്ടു ആവർത്തിച്ചു. നോട്ടു പിൻവലിക്കൽ പ്രക്രിയയുടെ ആഘാതം ബഹുവിധമാണെന്നും സമൂഹത്തിൽ പാവപ്പെട്ട, താഴെത്തട്ടിലുള്ളവരെ പ്രതീക്ഷിച്ചതിലുമേറെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് എത്രത്തോളമുണ്ടെന്നത് ഒരു സാമ്പത്തിക സൂചകങ്ങൾ കൊണ്ട് അളക്കാവുന്നതിലും അപ്പുറത്താണെന്നും മൻമോഹൻ പറഞ്ഞു. നാളെ സൂററ്റിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നുണ്ട്.
 

Latest News