ഖലിസ്ഥാന്‍ തീവ്രവാദിയെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്‌തെന്ന് എന്‍.ഐ.എ

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്നു കടന്ന ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍ജീത്സിംഗ് നിജ്ജാറിനെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി. സൈപ്രസില്‍നിന്ന് നാടുകടത്തിയ ഗുര്‍ജീത്് സിംഗിനെ ദല്‍ഹി വിമാനത്താവളത്തിലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
ഖാലിസ്ഥാനി രാഷ്ട്രം കെട്ടിപ്പടുക്കാനായി ഇന്ത്യയില്‍ സിഖ് തീവ്രവാദം പുനരുജ്ജീവിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ക്രിമിനല്‍ കേസിലാണ് അറസ്റ്റ്. അമൃത്‌സറിലെ അജ്‌നാല നഗരത്തില്‍ താമസിച്ചിരുന്ന നിജ്ജാര്‍ 2017 ഒക്ടോബര്‍ 19നാണ് സൈപ്രസിലേക്ക് കടന്നത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് എന്‍.ഐ.എ അറിയിച്ചു. സമാന ചിന്താഗതിക്കാരായ സിഖ് യുവാക്കളെയും മറ്റും ഖാലിസ്ഥാനി പ്രസ്ഥാനത്തില്‍ ചേരാന്‍ ഇയാള്‍ പ്രചോദിപ്പിച്ചിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു. 2019 ജനുവരി 10നാണ് നിജ്ജാറിനെതിരേയും കേസിലെ മറ്റൊരു പ്രതിയായ ഹര്‍പാല്‍ സിംഗിനെതിരേയും എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News