ന്യൂദല്‍ഹി- കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിതമായി ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനുമായും ഫിലിപ്പൈന്‍സുമായും വ്യോമ സേവന കരാറുകള്‍ പുതുക്കി. പുതിയ കരാറുകളില്‍ സൗദി അറേബ്യയില്ല.
ഇന്ത്യയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള സിവില്‍ ഏവിയേഷന്‍ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതുക്കിയ വ്യോമ സേവന കരാറെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 22 ലധികം രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം എയര്‍ ബബിള്‍ കരാറുകളുണ്ടാക്കി.
പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍, ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആഴ്ചയില്‍ എത്ര വിമാനക്കമ്പനികള്‍, എയര്‍പോര്‍ട്ടുകള്‍, മൊത്തം വിമാനങ്ങള്‍ (അല്ലെങ്കില്‍ സീറ്റുകള്‍) എന്നിവ അനുവദിക്കാമെന്ന് തീരുമാനിക്കാന്‍ ഉഭയകക്ഷി കരാറിലെത്തേണ്ടതുണ്ട്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ത്യയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ടൂറിസം, സാംസ്‌കാരിക കൈമാറ്റം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കരാര്‍ സഹായകമാകും.
കൊറോണ വൈറസ് വ്യാപാനം മൂലം മാര്‍ച്ച് 23 മുതല്‍ എല്ലാ അന്താരാഷ്ട്ര യാത്ര വിമാനങ്ങളും ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കയാണ്. മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ എയര്‍ ബബിള്‍ ക്രമീകരണത്തിലും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.






