ന്യൂദല്‍ഹി- ജനിതക മാറ്റമുണ്ടായ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ യു.കെയില്‍ നിന്നെത്തിയവരുടെ നിരീക്ഷണം തുടരാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ടുവരെ രാജ്യത്തെത്തിയവരില്‍ പ്രത്യേക നിരീക്ഷണമുണ്ടാകണം. ഇവരില്‍ ആരെങ്കിലും കോവിഡ് രോഗ ബാധിതരുണ്ടെങ്കില്‍ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദല്‍ഹി, കോല്‍ക്കത്ത, അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളിലായി എത്തിയവരില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരിക്കുന്നത്. എന്നാല്‍, ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.






