Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമിൽ കോവിഡ് കണ്ടെത്തിയിട്ടില്ല -ഹറംകാര്യ വകുപ്പ്

വിശുദ്ധ ഹറമിലെ എമർജൻസി മെഡിക്കൽ സെന്റർ.

മക്ക - വിശുദ്ധ ഹറമിലെത്തിയ തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഇതുവരെ കോവിഡ് സംശയിക്കുന്ന കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അഹ്മദ് അൽമൻസൂരി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സംഭവവികാസങ്ങളും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറംകാര്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ ഹറമിലെത്തുന്ന മുഴുവൻ ആളുകളും മുൻകരുതൽ, പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. 


ഹറമിനകത്തും മുറ്റങ്ങളിലും നിരന്തരം മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. മതാഫും ഹറമിനകവും മുറ്റങ്ങളും പതിവായി അണുവിമുക്തമാക്കുന്നു. ത്വവാഫിനും നമസ്‌കാരങ്ങൾക്കുമിടെ വിശ്വാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നുണ്ട്. തീർഥാടകരുടെയും വിശ്വാസികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹറമിന്റെ പ്രവേശന കവാടങ്ങളിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അഹ്മദ് അൽമൻസൂരി പറഞ്ഞു. 
വിശുദ്ധ ഹറമിലെ എമർജൻസി സെന്റർ വഴി തീർഥാടകർക്കും വിശ്വാസികൾക്കും അടിയന്തര ചികിത്സയും പരിചരണങ്ങളും നൽകുന്നത് തുടരുകയാണ്. ഒരു വർഷത്തിനിടെ സെന്ററിന്റെ സേവനം 15,779 പേർക്ക് ലഭിച്ചു. ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും ഹറം എമർജൻസി സെന്റർ പ്രവർത്തിക്കുന്നതായി അജ്‌യാദ് എമർജൻസി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹറം മെഡിക്കൽ സെന്റർ സൂപ്പർവൈസറുമായ ഡോ. സുൽത്താൻ ബഗ്ദാദി പറഞ്ഞു. 

 

Latest News