കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞടുപ്പ് ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കണം-കെ.സുരേന്ദ്രന്‍

കോഴിക്കോട്-എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.  ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സമീപനമാണിതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.


അനാവശ്യമായി തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയും ദുര്‍ബലമാക്കിയും ലീഗ് യു.ഡി.എഫ് തലപ്പത്ത് എത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ലീഗിന്റെ അടിമയായി മാറിയിരിക്കയാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയും കൂടി കോണ്‍ഗ്രസിനെ ലീഗിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടിയിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.


തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ചെയ്യുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടത്.


മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാമെന്ന് ലക്ഷ്യമിട്ടാണ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ കീഴില്‍ മന്ത്രിയാവാന്‍ ദല്‍ഹിയിലേക്ക് പോയി. അവിടെ ഒന്നും നടക്കില്ലെന്നായപ്പോള്‍ വീണ്ടും കേരളത്തിലേക്ക് വരികയാണ്.
ജനാധിപത്യത്തെ കളിയാക്കുകയാണ് കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും ചെയ്യുന്നത്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ നീക്കം. ലീഗിന്റെ അടിമയായി കോണ്‍ഗ്രസ് മാറിയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കം സഭയെ അപമാനിക്കലാണ്. അത് സമ്മതിക്കാതിരിക്കാനുള്ളത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News