റിയാദ് - ജയിൽ പീഡനത്തിന് ഇരയായെന്ന സൗദി യുവതി ലുജൈൻ അൽഹദ്‌ലൂലിന്റെ പരാതി റിയാദ് ക്രിമിൽ കോടതി തള്ളി. തെളിവുകളും മൊഴികളും പരിശോധിച്ചതിൽ നിന്ന് ലുജൈൻ അൽഹദ്‌ലൂലിന് പീഡനങ്ങൾ നേരിട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി കോടതി തള്ളിയത്. പീഡനത്തിന് ഇരയായെന്ന ലുജൈൻ അൽഹദ്‌ലൂലിന്റെ വാദം ശരിയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധിയുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചേർന്ന പരസ്യ സിറ്റിംഗിലാണ് പരാതിയിൽ കോടതി വിധി പ്രസ്താവിച്ചത്.
ജയിൽ പീഡനത്തിന് ഇരയായെന്ന് വാദിച്ച് ലുജൈൻ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതിയിൽ അന്വേഷണം നടത്തുന്നതിന് പബ്ലിക് പ്രോസിക്യൂഷനെ കോടതി ചുമതലപ്പെടുത്തി. പരാതിക്കാരിയുടെ വാദം ശരിയാണോയെന്ന് ഉറപ്പുവരുത്തുന്നതിന് മുഴുവൻ നടപടികളും സ്വീകരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയും അവരുടെ പക്കലുള്ള തെളിവുകളും വിശദമായി പരിശോധിക്കുകയും വിശദമായ മൊഴിയെടുക്കുകയും ചെയ്തതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. അറസ്റ്റിലായ ദിവസം മുതൽ യുവതിക്ക് നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും പബ്ലിക് പ്രോസിക്യൂഷൻ പരിശോധിച്ചു. യുവതിക്ക് പ്രതിവാരം മെഡിക്കൽ പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ തടവുകാരികൾ ആവശ്യപ്പെടുന്നതു പ്രകാരവും മെഡിക്കൽ പരിശോധനകൾ നടത്തുന്നുണ്ട്.
ലുജൈൻ അൽഹദ്‌ലൂൽ കഴിയുന്ന ജയിൽ സൗദി മനുഷ്യാവകാശ കമ്മീഷൻ സംഘം സന്ദർശിച്ചിരുന്നു. പീഡനത്തിന് ഇരയായെന്ന പിതാവിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് യുവതിയുമായി മനുഷ്യാവകാശ കമ്മീഷൻ സംഘം കൂടിക്കാഴ്ചയും നടത്തി. ജയിൽവാസത്തിനിടെ ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങൾ ലുജൈൻ അൽഹദ്‌ലൂലിന് നേരിട്ടതായി മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തിയില്ല.






