Sorry, you need to enable JavaScript to visit this website.

സിപിഎം പിന്തുണ തേടിയിട്ടുണ്ട്, നല്‍കിയിട്ടുമുണ്ട്-ജമാഅത്ത് അമീര്‍

കോഴിക്കോട്- സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പലപ്പോഴും തേടിയിട്ടുണ്ടെന്നും ചിലപ്പോഴെല്ലാം നല്‍കിയിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മുഖ്യമന്ത്രി
പിണറായി വിജയനും സി പി എമ്മും നടത്തുന്ന വര്‍ഗീയ പ്രചാരണം കേരളത്തില്‍ സംഘ്പരിവാറിനെ ശക്തിപ്പെടുത്താനാണ് സഹായിക്കുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സമീപകാലത്തായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രചാരകരാവുകയാണ് മുഖ്യമന്ത്രിയും സി പി എമ്മും. കേരളത്തിലെ മുസ്‌ലിം സമുദായത്തെയും മുസ്‌ലിം സംഘടനകളെയും പൈശാചികവല്‍ക്കരിച്ച് ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് സി പി എം.

സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണത്തിന് ആക്കം കൂട്ടി, ഹൈന്ദവ- െ്രെകസ്തവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള അത്യധികം ഹീനവും ജനാധിപത്യ വിരുദ്ധവുമായ ശ്രമമാണ് സി പി എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ സാമ്രാജ്യത്ത ശക്തികളും ദേശീയ തലത്തില്‍ ബി ജെ പിയും സംഘ്പരിവാറും എടുത്തുപയോഗിക്കുന്ന ഇസ്‌ലാം ഭീതി ബോധപൂര്‍വം പടര്‍ത്തുകയാണ് സി പി എം.

പരസ്പരം തിരിച്ചറിയാനാവാത്ത വിധം സി പി എമ്മും സംഘ്പരിവാറും ഒരേ തരത്തിലാണ് കേരളത്തില്‍ സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം നല്‍കിയേക്കാമെങ്കിലും കേരളം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച ഫാഷിസ്റ്റ് വിരുദ്ധവും മതനിരപേക്ഷവുമായ നിലപാടിനെ തകര്‍ക്കാനാണ് സി പി എം നിലപാട് സഹായിക്കുക. സി പി എമ്മിന്റെ മൃദുഹിന്ദുത്വ നിലപാട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിലും വലിയ ആഘാതം സൃഷ്ടിക്കും.

മുമ്പും സി പി എം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി മുസ്‌ലിം വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിട്ടുണ്ട്. അന്നതിന്റെ മുതലെടുപ്പ് നടത്താന്‍ കേരളത്തിന്റെ രാഷ്ട്രീയന്തരീക്ഷത്തില്‍ സി പി എം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ സാഹചര്യം. കേന്ദ്ര അധികാരത്തിന്റെ ബലത്തില്‍ ബി ജെ പി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശക്തമായ ശ്രമം നടത്തിക്കൊണ്ടിരിക്കെ, സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധ നിലപാട് സംഘ്പരിവാറിനാണ് ഗുണം ചെയ്യുകയെന്ന സാമാന്യ രാഷ്ട്രീയ ബുദ്ധി സിപിഎം കാണിക്കണം. മതനിരപേക്ഷതയോട് കാണിക്കുന്ന കാപട്യം സിപിഎമ്മിനും ദോഷം മാത്രമേ ചെയ്യൂ.

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം മുസ്‌ലിം സമുദായം കയ്യടുക്കുന്നു എന്ന െ്രെകസ്തവ സമൂഹത്തിന്റെ തെറ്റിദ്ധാരണ സാമുദായികാന്തരീക്ഷത്തെ അപകടപ്പെടുത്തും. എന്നാല്‍ ബഹുസ്വര സമൂഹത്തില്‍ വസ്തുതകള്‍ വ്യക്തമാക്കി, ആശയക്കുഴപ്പം ഒഴിവാക്കേണ്ട ന്യൂനപക്ഷ വകുപ്പും സര്‍ക്കാറും തുടരുന്ന മൗനം വര്‍ഗീയ ധ്രുവീകരണത്തിന് സഹായകമാവുകയാണ് ചെയ്യുന്നത്. നിരന്തരമായി സി പി എം നേതാക്കളില്‍ നിന്നു വരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും ഇതിനോട് കൂട്ടിവായിക്കണം.

മുസ്‌ലിംകളുമായി ബന്ധപ്പെട്ടതെല്ലാം വര്‍ഗീയവും തീവ്രവാദവുമാണെന്ന സംഘ്പരിവാര്‍ പ്രചാരണ രീതി ബോധപൂര്‍വം തന്നെ എടുത്തുപയോഗിക്കുകയാണ് സി പി എം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ലാഭം കൊയ്യാമെങ്കിലും കേരളീയ പൊതുസമൂഹം കാത്തുസൂക്ഷിക്കുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും അപകടത്തിലാകുമെന്ന് ജമാഅത്തെ ഇസ്‌ലാമി ആശങ്കപ്പെടുന്നു. ഇത്തരം പ്രവണതകളെ പൗരസമൂഹം ജാഗ്രതയോടെ ചെറുക്കണമെന്നും എം ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു.

 

Latest News