Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി പിന്‍വലിക്കില്ല; പ്രചാരണം നിഷേധിച്ച് സൗദി ധനമന്ത്രാലയം

റിയാദ് - സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ ആശ്രിത ലെവി പിൻവലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം.  
വിദേശികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി പദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രി മുഹമ്മദ് അൽജദ്ആൻ നിർദേശിച്ചു എന്നായിരുന്നു പ്രചാരണം. ഇക്കാര്യം ശരിയല്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസം മുമ്പ് സാമ്പത്തിക സന്തുലിതാവസ്ഥ പദ്ധതിയെ കുറിച്ച് ധനമന്ത്രി നടത്തിയ പ്രസ്താവന വളച്ചൊടിച്ചാണ് പുതിയ വാർത്ത പ്രചരിച്ചത്.
വിദേശികളുടെ ആശ്രിതർക്ക് നടപ്പാക്കിയ ലെവി മുമ്പ് പ്രഖ്യാപിച്ച പോലെ തുടരും. അതിൽ മാറ്റം വരുത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ലെവി നടപ്പാക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
ലെവി പിൻവലിച്ചുവെന്ന പേരിൽ വ്യാപകമായ പ്രചാരണമാണ് നടന്നത്. ചില അറബ് പത്രങ്ങളുടെ വെബ്‌സൈറ്റുകളിലും ഇത് സംബന്ധിച്ച് വാർത്തകൾ വന്നതോടെ ശരിയാണെന്ന് പലരും വിശ്വസിക്കുകയും ചെയ്തു. നൂറു റിയാലായി ലെവി നിലനിർത്തുമെന്നും അല്ലെങ്കിൽ 2021 ന് ശേഷം മാത്രമേ ലെവി ഏർപ്പെടുത്തൂ തുടങ്ങിയ പ്രചാരണങ്ങളാണുണ്ടായിരുന്നത്. ഏതായാലും ലെവി പിൻവലിക്കുന്നത് സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.  

Latest News