ന്യൂദല്‍ഹി- ടാറ്റാ സണ്‍സിനും എയര്‍ ഏഷ്യക്കുമെതിരായ കേസില്‍ അന്തിമ തീരുമാനമാകുന്നതുവരെ അവരെ എയര്‍ ഇന്ത്യയെ ഏറ്റെടുക്കരുതെന്നും ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ അയോഗ്യരാക്കണമെന്നും ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് ഇതുസംബന്ധിച്ച് അദ്ദേഹം കത്തെഴുതി. ടാറ്റാ സണ്‍സിന്റെ സംയുക്ത സംരംഭമായ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അനധികൃതമായി ലൈസന്‍സ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് 2013 ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ദല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. കോവിഡ് 19 പാന്‍ഡെമിക് മൂലം വാദം കേള്‍ക്കല്‍ വൈകിയതായും അടുത്ത തീയതി 2021 ജനുവരിയിലാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ട് ഹരജിക്കു പുറമെ, 2018 ഏപ്രില്‍ 28 ന് സി.ബി.ഐ ഫയല്‍ ചെയ്ത എഫ്‌ഐആറിനെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചു. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നേടിയതിന് എയര്‍ ഏഷ്യയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി)കള്ളപ്പണം വെളുപ്പിക്കല്‍ കേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






