പ്രയാഗ് രാജ്- അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി രാജ്യത്തെ എല്ലാ ഹിന്ദുക്കളില്‍ നിന്നും സംഭാവന ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലും ഇതിനായി സമീപിക്കുമെന്നും ശ്രീരാം ജന്‍മഭൂമി തീര്‍ഥ ക്ഷത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..
മകരസംക്രാന്തി മുതല്‍ (ജനുവരി 14) ഫണ്ട് ശേഖരണം തുടങ്ങുമെന്നും മാഗി പൂര്‍ണിമ (ഫെബ്രുവരി 27) വരെ തുടരുമെന്നും വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.
ധനസമാഹരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര, പൊതു പങ്കാളിത്ത കാമ്പയിന്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. രാജ്യത്തെ എല്ലാ ഹിന്ദുക്കളില്‍ നിന്നും സംഭാവന സ്വീകരിക്കും. കാശി മേഖലയിലെ 16,000 ഗ്രാമങ്ങളില്‍ പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും- അദ്ദേഹം പറഞ്ഞു.